2024ല്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കാം; വിവാദ പ്രസ്താവനയുമായി കെ. സുരേന്ദ്രന്‍
Kerala News
2024ല്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കാം; വിവാദ പ്രസ്താവനയുമായി കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th September 2023, 4:14 pm

തിരുവനന്തുപുരം: കേരളത്തില്‍ 2024ലാണോ 2026ലാണോ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയെന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ഷെയറില്‍ ബി.ജെ.പിക്കുണ്ടായ വലിയ തിരിച്ചടിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വശദീകരണം നല്‍കവെയാണ് സുരേന്ദ്രന്റെ വിവാദ പരാമര്‍ശം.

‘2024ല്‍… 2024ല്‍ ആണോ 2026ല്‍ ആണോ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകുകയെന്നത് ഇപ്പോള്‍ പറയുക സാധ്യമല്ല. എന്തായാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇങ്ങനെ തന്നെ ആയിരിക്കുമോ ബി.ജെ.പിയുടെ വോട്ട് ഷെയറെന്നത് അരുവിക്കരയില്‍ കണ്ടതാണ്.

ഉമ്മന്‍ ചാണ്ടിയോടുള്ള താത്പര്യം ഈ തെരഞ്ഞടുപ്പില്‍ ഗുണം ചെയ്തിട്ടുണ്ട്. അത് അടുത്ത പ്രാവശ്യവും ഉണ്ടാകും എന്ന് കരുതുന്നില്ല. പുതുപ്പള്ളിയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെയും സഹതാപതരംഗത്തിന്റെയും ഗുണം യു.ഡി.എഫിന് ലഭിച്ചു,’ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കേരളത്തില്‍ സാധാരണ ഗതിയില്‍ 2026ല്‍ ആയിരിക്കും അടുത്ത തെരഞ്ഞെടുപ്പുണ്ടാകുക. എന്നാല്‍ ബി.ജെ.പിയുടെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ സുരേന്ദ്രന്റെ പ്രസ്താവനയെ വിലയിരുത്തുന്നത്.

 

 

അടുത്ത് നടക്കാന്‍ പോകുന്ന പ്രത്യേക പാര്‍മെന്റ് സമ്മേളനത്തില്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബില്‍ യാഥാര്‍ത്ഥ്യമായാല്‍ നിലവിലുള്ള നിയമസഭകളെ അത് അട്ടിമറിക്കും എന്നാണ് പ്രതിപക്ഷ ആരോപണം.

പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് മുതല്‍ നരേന്ദ്ര മോദി ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് സംവാദമാകാമെന്നും സമവായത്തിലെത്താമെന്നും അദ്ദേഹം പൊതുവേദികളില്‍ പറഞ്ഞിരുന്നു.

Content Highlight: K. Surendran’s controversial statemen Assembly elections may be held in Kerala in 2024