കോഴിക്കോട്: കണ്ണൂരില്‍ ഡോക്ടറെ അക്രമിച്ച സംഭവത്തെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍. പയ്യോളി മനോജ് വധക്കേസുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് കണ്ണൂരില്‍ ഹോമിയോ ഡോക്ടറെ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച് സുരേന്ദ്രന്‍ രംഗത്തെത്തിയത്.
കണ്ണൂരില്‍ സര്‍വകക്ഷിയോഗത്തിനുശേഷവും സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം തുടരുകയാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു സുരേന്ദ്രന്റെ പരാമാര്‍ശം. ക്രിസ്മസ് ദിനത്തിലായിരുന്നു മട്ടന്നൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും ഹോമിയോ ഡോക്ടര്‍ക്കും വെട്ടേറ്റത്.
ഇരിട്ടി ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കുനേരെയായിരുന്നു ആക്രമണം. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു.
കണ്ണൂരില്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കുടുത്ത് മുഖ്യമന്ത്രി മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ കണ്ണൂരില്‍ ഒരു ഡോക്ടറാണ് ആക്രമിക്കപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോ എന്ന് സുരേന്ദ്രന്‍ ചോദിച്ചത്.
“ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറഞ്ഞ് മടങ്ങുമ്പോഴാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ സി.പി.ഐഎമ്മുകാര്‍ വെട്ടിയത്. ഡോക്ടര്‍ ആയതുകൊണ്ട് അയാള്‍ ഏതെങ്കിലും കുറ്റകൃത്യം ചെയ്യില്ലന്നാണോ. കേസില്‍ പ്രതിയായവരെ മാത്രമാണോ സി.പി.ഐ.എം വെട്ടുന്നത്” എന്ന മറുചോദ്യങ്ങള്‍ ആവര്‍ത്തിച്ച് പിന്നീട് സുരേന്ദ്രന്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിയുകായിരുന്നു.
പൊലീസ് ഭരണം കുമ്മനത്തിന്റെ കൈയിലല്ല. പിണറായിയുടെതാണെന്നും അതുകൊണ്ട് ഇക്കാര്യവും പിണറായി സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ക്രിമിനല്‍ സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ പരുക്ക് പറ്റുന്നത് സ്വാഭാവികമാണ്. സമാധാനം പാലിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം സര്‍ക്കാരിന്റെതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.