തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സനുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ചികില്‍സയ്ക്കായാണ് പോയത്, അവിടെ താമസിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
മോന്‍സനുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. അങ്ങനെ ഒരു അപവാദം മോന്‍സന്‍ നടത്തുന്നുണ്ടെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകും. മോന്‍സന്റെ വീട്ടില്‍ പോയിട്ടുണ്ട്. ചികിത്സാര്‍ത്ഥമാണ് അത്. അക്കാര്യത്തില്‍ താന്‍ എന്ത് ജാഗ്രതയാണ് കാണിക്കേണ്ടതെന്ന് കെ. സുധാകരന്‍ ചോദിച്ചു.
‘ഒരു ഡോക്ടറെ കാണാന്‍ പോകുന്നതില്‍ എന്ത് ജാഗ്രതയാണ് ഞാന്‍ കാണിക്കേണ്ടത്. മോന്‍സന്റെ വീട് നഗരത്തിലാണ്. ഐ.പി.എസുകാരും പൊലീസുകാരും തമ്പടിക്കുന്ന സ്ഥലം. പിന്നെ എന്തിന് ജാഗ്രത പാലിക്കണം. പാതിരാത്രിക്കൊന്നും അവിടെ കയറി പോയിട്ടില്ല. ഏത് നേതാവാണോ പറഞ്ഞത് അയാള്‍ സ്വയം പരിശോധിക്കട്ടെ. ഇക്കാര്യത്തില്‍ എനിക്കൊരു ശങ്കയുമില്ല. സത്യം സത്യമായി പറയുന്നയാളാണ് ഞാന്‍,’ സുധാകരന്‍ വ്യക്തമാക്കി.
‘വളരെ യാദൃശ്ചികമായാണ് മോന്‍സന്റെ അടുത്തെത്തിയത്. എറണാകുളത്തെ പ്രവര്‍ത്തകനാണ് എന്നെ അവിടെ എത്തിച്ചത്. ചികിത്സക്കായി അഞ്ച് തവണ പോയിട്ടുണ്ട്. എന്നാല്‍ ചികിത്സയില്‍ എനിക്ക് മാറ്റം ഇല്ലാതെ വന്നതോടെ ചികിത്സ നിര്‍ത്തി. പത്ത് ദിവസം അവിടെ കിടത്തി ചികിത്സ നടത്തിയെന്നതൊക്കെ വാസ്തവവിരുദ്ധമാണ്. അവിടുത്തെ ആഢംബരം കണ്ടപ്പോള്‍ അതില്‍ വീണു. ഒരു അഞ്ച് പൈസയുടെ പണമിടപാട് ഞാനുമായി നടത്തിയിട്ടില്ല. അതാണ് സത്യം. അല്ലാത്ത തരത്തില്‍ മോന്‍സന്‍ പറഞ്ഞെങ്കില്‍ നിയമനടപടിയുമായി പോകും. അയാളൊരു നല്ല കള്ളനാണെന്നത് വ്യക്തമാണ്.
മോഹന്‍ലാലിനെ പോലെ പ്രസിദ്ധരായവര്‍ പോലും അവിടെ ചികിത്സക്കെത്തിയിട്ടുണ്ട്. എത്രയോ സിനിമാ നടന്മാര്‍ അവിടെയുണ്ട്. മുഖ്യമന്ത്രിയെ സ്വര്‍ണവിഗ്രഹം പോലെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥിരതാമസമാണവിടെ. ഞാന്‍ മാത്രം എന്തിന് ശങ്കിക്കണമായിരുന്നു,’ കെ. സുധാകരന്‍ ചോദിച്ചു.
പരാതിക്കാരനായ അനൂപുമായി ഒരു ഇടപാടുമില്ല, അവിടെവച്ചു കണ്ടുവെന്ന് മാത്രമേയുള്ളൂ. തന്നെ കാണിച്ച് അനൂപിന്റെ കൈയില്‍നിന്ന് പണം വാങ്ങിയോ എന്ന് സംശയമുണ്ട്. വ്യാജ ചികിത്സ നടത്തിയതിന് മോന്‍സനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം എന്തുകൊണ്ട് മോന്‍സനുമായുള്ള ഉദ്യോഗസ്ഥന്‍മാരുടെ ബന്ധം അന്വേഷിക്കുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്ന ഫ്രോഡാണ് മോന്‍സന്‍. തനിക്കെതിരെ തെളിവൊന്നും കിട്ടില്ല. ബെന്നി ബഹ്നാന് മറുപടി നല്‍കുന്നില്ല. തനിക്കൊരു പാര്‍ട്ടി ചട്ടക്കൂട് ഉണ്ട്. ആ ചട്ടക്കൂട് ബെന്നി ബെഹ്‌നാനും ബാധകമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
മോന്‍സനുമായുള്ള ബന്ധത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സുധാകരന്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് നേരത്തെ ബെന്നി ബെഹ്നാന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സുധാകരന്‍.
രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാന്‍ സി.പി.ഐ.എം വീണ്ടും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെ സി.പി.ഐ.എം ഭയക്കുന്നെന്നും സുധാകരന്‍ പറഞ്ഞു. പിണറായിക്കെതിരെയുള്ള ഫൈറ്റ് അവസാനിപ്പിച്ചതായിരുന്നു. വീണ്ടും തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.