രാജസേനന്റെ സംവിധാനത്തില്‍ 2001ല്‍ സുരേഷ് ഗോപി നായകനായി പുറത്ത് വന്ന ചിത്രമാണ് മേഘസന്ദേശം. സ്ഥിരമായി ജയറാം സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന രാജസേനന്‍ നായകനെ മാറ്റിപിടിച്ച ചിത്രം കൂടിയായിരുന്നു മേഘസന്ദേശം. ജയറാമിന് പകരം സുരേഷ് ഗോപി ചിത്രത്തിലേക്ക് എത്തിയതിനെ പറ്റി സംസാരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കെ. രാധാകൃഷ്ണന്‍.
‘കളിയാട്ടവും നിറവും കഴിഞ്ഞപ്പോള്‍ ഞാന്‍ രാജസേനനെ വിളിച്ച് ഒരു പടം ചെയ്യാമെന്ന് പറഞ്ഞു. സേനന്റടുത്ത് ഏത് പ്രൊഡ്യൂസര്‍ പോയാലും ജയറാമിന്റെ ഡേറ്റാണ് ചോദിക്കുന്നത്. സേനന്‍ എല്ലാം ജയറാമിനെ വെച്ചാണല്ലോ ചെയ്യുന്നത്.
അതുകൊണ്ട് ജയറാമിനെ മീറ്റ് ചെയ്യുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ ജയറാമിന്റെ പ്രോജക്ടിനല്ല വന്നത്, സുരേഷ് ഗോപിയെ വെച്ച് ചെയ്യാമെന്ന് പറഞ്ഞു. സേനന്‍ ഞെട്ടി. ആദ്യമായിട്ട് ഒരു പ്രൊഡ്യൂസര്‍ എന്നോട് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപിയെ വെച്ച് സിനിമ ചെയ്യാമെന്ന്, ഞാനിത് ആഗ്രഹിച്ചിരിക്കുകയാണെന്ന് സേനന്‍ പറഞ്ഞു. അതില്‍ നിന്നൊന്ന് മാറി വേറെ ഒരാളെ വെച്ച് ഒരു പടം ചെയ്യാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു അദ്ദേഹം,’ മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
‘സുരേഷ് ഗോപിയെ വിളിച്ചിട്ട് ഞങ്ങള്‍ രണ്ട് പേരും കൂടി അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അന്ന് വൈകുന്നേരം സുരേഷ് ഗോപിയുടെ വീട്ടിലിരുന്ന് കഥയും കാര്യങ്ങളുമൊക്കെ ഡിസ്‌കസ് പിന്നെ ആ പ്രോജ്കട് അങ്ങ് ഓണായി. അതാണ് മേഘ സന്ദേശം.
എനിക്ക് ജയറാമിനോട് വേറെ പിണക്കമൊന്നുമില്ല. ജയറാമും ഞാനുമായി നല്ല ബന്ധമാണ് ഉള്ളത്. പക്ഷേ സേനന്‍ സ്ഥിരമായി ജയറാമിനെ വെച്ച് പടം ചെയ്യുകയല്ലേ. ഒരു മാറ്റം വരട്ടെയെന്ന് ഞാന്‍ വിചാരിച്ചു. അതുകൊണ്ടാണ് സുരേഷ് ഗോപിയെ നോക്കിയത്. അന്ന് എനിക്ക് ജയറാമിനേക്കാള്‍ അടുപ്പമുള്ളത് സുരേഷ് ഗോപിയോടാണ്.
പക്ഷേ ആ പടം വലിയ വിജയമായില്ല. അതിന്റെ ഫസ്റ്റ് ഹാഫ് നല്ല ഇന്ററസ്റ്റിങ് ആയിരുന്നു. പക്ഷേ സെക്കന്റ് ഹാഫ് ഹൊററിലേക്ക് വന്നപ്പോള്‍ കുറച്ച് പാളി പോയി. അതാണ് പറ്റി പോയത്. ആരേയും കുറ്റം പറയാന്‍ പറ്റില്ല. മോശമാണെന്ന് കരുതി ആരും ഒന്നും ചെയ്യുന്നില്ലല്ലോ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: K. Radhakrishnan shares an experience when suresh gopi cast as a hero in rajasenans’ movie