കുറ്റ്യാടി: കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കുറ്റ്യാടിയില്‍ പ്രാദേശിക നേതാവ് കെ.പി കുഞ്ഞമ്മദ് കുട്ടി തന്നെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയാകും.
കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനം എടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
”പാര്‍ട്ടി മത്സരിക്കുന്നതിന്റെ അത്യാഹ്‌ളാദത്തിലാണ് മണ്ഡലം. അക്കാര്യത്തില്‍ ഒരു സംശയവുമില്ല,” കെ.പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
എല്‍.ഡി.എഫ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനായിരുന്നു കുറ്റ്യാടി സീറ്റ് നല്‍കിയത്. ഇതിനെതിരെ രണ്ട് തവണയാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും പ്രവര്‍ത്തകര്‍ കുറ്റ്യാടി ജോസ് വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
ആദ്യം നടന്ന പ്രകടനത്തില്‍ കെ.പി കുഞ്ഞമ്മദ് കുട്ടിക്ക് വേണ്ടിയായിരുന്നു മുദ്രാവാക്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. കേരള കോണ്‍ഗ്രസ് കുറ്റ്യാടിയില്‍ മത്സരിക്കുകയാണെങ്കില്‍ അത് മറ്റൊരു വിഭാഗീയതയ്ക്ക് കാരണമാകുമോ എന്ന ആശങ്കയും സി.പി.ഐ.എമ്മില്‍ ഉണ്ടായിരുന്നു.
ജയസാധ്യതയും പാര്‍ട്ടി കമ്മിറ്റികളുടെ അഭിപ്രായവും പ്രാദേശിക വികാരവും മാനിച്ചാണ് അദ്ദേഹത്തെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നാണ് സൂചനകള്‍. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു.
കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനാണ് മുഖ്യപരിഗണന. 13 സീറ്റ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പൂര്‍ണമായും അവകാശപ്പട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ മുന്നണി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ കുറ്റ്യാടി സി.പി.ഐ.എമ്മിന് തന്നെ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ജോസ്.കെ മാണി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക