കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് ഒരു ചട്ടക്കൂട് വരച്ചാല്‍ ആരും അതില്‍ നിന്ന് പുറത്ത് പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. ജനാധിപത്യ പാര്‍ട്ടി ആയതുകൊണ്ട് കോണ്‍ഗ്രസില്‍ തട്ടലും മുട്ടലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സംവിധാനങ്ങളെ സി.പി.ഐ.എം ഇത് പോലെ ഭരിക്കുന്ന കാലം ഉണ്ടായിട്ടില്ലെന്നും എല്ലാം പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകാമെന്നും കെ മുരളീധരന്‍ പറഞ്ഞു.
എന്നെ പാര്‍ലമെന്റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യര്‍ത്ഥനയെന്നും എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാല്‍ ഇവര്‍ ഇനി കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന് ജനം വിചാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണം നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കാനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ അവസരമുണ്ട്. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. പ്രതിപക്ഷ നേതാവും തരൂരും അകല്‍ച്ചയിലാണെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘വെല്ലുവിളികളിലൂടെയാണ് പാര്‍ട്ടി കടന്നുപോകുന്നത്. ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ കോണ്‍ഗ്രസ് ഒന്നിച്ചു നിന്ന് പോരാടണം. രാഹുല്‍ രാജ്യത്തെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ പോരാട്ടത്തില്‍ അവസാനത്തെ വിജയം കോണ്‍ഗ്രസിന് തന്നെയാകും. കേരളത്തില്‍ അനവൂര്‍ നാഗപ്പന്മാര്‍ വിചാരിക്കുന്നവര്‍ക്കേ ജോലി കിട്ടുന്നുള്ളൂ. ഇതാണ് തുടര്‍ ഭരണത്തിന്റെ സംഭാവന.
ബംഗാളില്‍ സംഭവിച്ചതാണ് ഇവിടെയും നടക്കുന്നത്. മദ്യവില കൂട്ടുന്ന നടപടി മദ്യക്കമ്പനികളെ സഹായിക്കാനാണ്. ടി.പി. രാമകൃഷ്ണന്‍ ചെയ്യാതിരുന്നത് എം.ബി. രാജേഷ് ചെയ്യുന്നു. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്ന് വേണം ഇതിനെല്ലാം എതിരായി പോരാടാന്‍,’ ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് ഡി.സി.സി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, എം.കെ. രാഘവന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
ശശി തരൂര്‍ എം.പിയുടെ മലബാര്‍ പര്യടനത്തിന്റെ പേരില്‍ ഉള്‍പ്പാര്‍ട്ടി പോര് ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് മുന്‍നിര നേതാക്കള്‍ ഒരുമിച്ചൊരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്.