കൊച്ചി: ബാര്‍കോഴ ആരോപണത്തില്‍ തനിക്കെതിരായ എഫ്.ഐ.ആര്‍ തള്ളി മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ബാബു പറഞ്ഞു. ലൈസന്‍സ് അനുവദിച്ചത് യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ചാണെന്നും ബാബു വ്യക്തമാക്കി. ബാര്‍ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തില്‍ ബാബുവിനെതിരെ ഈ മാസം 21 ന് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ബാബു രംഗത്തെത്തിയിരിക്കുന്നത്.
18ബാര്‍ ലൈസന്‍സ് ഇടപാടില്‍ മുന്‍ എക്‌സൈസ് മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയതായും ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടയിരുന്നു. കേസില്‍ ബാബു നല്‍കിയ വിശദീകരണം വിജിലന്‍സ് തള്ളി. ബാബുവിന്റേത് വ്യക്തമായ മറുപടിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബാറുടമകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാബു വഴിവിട്ട സഹായങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബാറുകള്‍ പൂട്ടുകയും ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയും ചെയ്ത നടപടി ദുരുദ്ദേശപരമാണ്. ചില അപേക്ഷകള്‍ മാത്രം പിടിച്ചുവെച്ചതിന് കൃത്യമായ കാരണമില്ല. ലൈസന്‍സ് ഇടപാടില്‍ ബാബു നേരിട്ടിടപെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ത്വരിതാന്വേഷണത്തില്‍ ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് വിജിലന്‍സ് കണ്ടെത്തുകയും ഇത് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാബുവിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റെ വി.എം രാധാകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് കേസെടുത്തത്.