ഗോപിചന്ദിന്റെ നിശബ്ദതയില്‍ അമ്പരന്ന് ജ്വാലാ ഗുട്ട
DSport
ഗോപിചന്ദിന്റെ നിശബ്ദതയില്‍ അമ്പരന്ന് ജ്വാലാ ഗുട്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2013, 6:31 pm

[]പാരീസ്: അച്ചടക്കലംഘനത്തിന്റെ പേരില്‍ ആജീവനാന്ത വിലക്കിന്റെ നിഴലില്‍ നില്‍ക്കുന്ന ജ്വാലാ ഗുട്ട ഇന്ത്യന്‍ ചീഫ് ബാഡ്മിന്റണ്‍ കോച്ച് പുല്ലേല ഗോപീചന്ദിന്റെ നിശബ്ദതയില്‍ അമ്പരപ്പ് പ്രകടിപ്പിച്ചു.

“ചീഫ് കോച്ച് യാതൊന്നും പ്രതികരിക്കാത്തതില്‍ എനിക്ക് അത്ഭുതം തോന്നുന്നു. അദ്ദേഹമെന്താണ് നിശബ്ദനായിരിക്കുന്നത്.?”  ജ്വാല ചോദിക്കുന്നു.

“മുന്‍ പരിശീലകരായ സയ്യിദ് മുഹമ്മദ് ആരിഫ്, വിമല്‍ കുമാര്‍ എന്നിവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബംഗ ബീറ്റ്‌സിന്റെ കോച്ച് കൂടിയായ വിമല്‍ കുമാര്‍ പ്രതികരിച്ചു കഴിഞ്ഞു. അവര്‍ക്കൊക്കെ പ്രതികരിക്കാമെങ്കില്‍ ചീഫ് കോച്ച് നിശബ്ദത പാലിക്കുന്നത് എന്തിനാണ്?”

“അദ്ദേഹത്തെ അക്കാദമിയുടെ മാത്രം പരിശീലകനായല്ല രാജ്യത്തിന്റെ മൊത്തം പരിശീലകനായാണ് ഞാന്‍ കരുതുന്നത്. നീ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് എന്നോട് പറയാം പക്ഷേ അദ്ദേഹം ഒരു നിലപാടെടുക്കണം.” അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ രൂപീകരിച്ച സമിതി  ജ്വാലാ ഗുട്ടയ്‌ക്കെതിരെ അന്വേഷണം നടത്തുന്നതിന് സ്റ്റേ നല്‍കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു. അച്ചടക്കലംഘനമാണ് ജ്വാലയുടെ പേരിലുള്ള ആരോപണം.

ഈ വിവാദങ്ങള്‍ തന്റെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഫ്രഞ്ച് ഓപ്പണില്‍ പങ്കെടുക്കാനായി അവര്‍ ഇപ്പോള്‍ പാരീസിലാണുള്ളത്.

“ഇതൊന്നും എന്നെ ബാധിക്കാതിരിക്കാന്‍ ഏറെ ശ്രമിച്ചു. എന്നാല്‍ ഞാനും ഒരു മനുഷ്യനാണ്. ഈ സംഭവങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു.” അവര്‍ പറഞ്ഞു.

സഹതാരങ്ങളുടെ പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങളും ഇരകളാക്കപ്പെടും എന്ന് ഭയന്ന് ആരും പരസ്യമായി പ്രതികരിക്കുന്നില്ലെന്ന് ജ്വാല പറഞ്ഞു.

“ഇന്ത്യയിലുള്ള എന്റെ സഹതാരങ്ങള്‍ക്ക് പരസ്യമായി പിന്തുണ നല്‍കാന്‍ കഴിയില്ലെന്ന് എനിക്കറിയാം. ഇരകളായി മാറ്റപ്പെടുമോ എന്ന ഭീതിയിലാണവര്‍.  അശ്വിനി പൊന്നപ്പ എന്നോടൊപ്പം നില്‍ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.” അവര്‍ പറഞ്ഞു.