ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ ഹരജി പരിഗണിക്കവേ ഇ.ഡിക്കെതിരെ രൂക്ഷ വിമര്‍ശിച്ച് ജസ്റ്റിസ് ആര്‍. നരിമാന്‍.
പി. ചിദംബരത്തിന് ജാമ്യം നല്‍കിയതിനെതിരെ സമര്‍പ്പിച്ച അതേ ഹരജി പകര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് എന്നും ഹരജിയില്‍ ശിവകുമാറിനെ മുന്‍ ആഭ്യന്തരമന്ത്രിയെന്നാണ് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് വിശേഷിപ്പിച്ചിരിക്കുന്നതെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെയല്ല ആളുകളെ പരിഗണിക്കേണ്ടത് എന്നായിരുന്നു ഹരജിയിലെ തെറ്റ് ചൂണ്ടിക്കാട്ടി ജസ്റ്റിസ് നരിമാന്‍ പറഞ്ഞത്.
” ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് സമര്‍പ്പിച്ച ഹരജി അതേ പോലെ കോപ്പി പേസ്റ്റ് ചെയ്തു വെച്ചിരിക്കുകയാണ് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ്. ശിവകുമാറിന്റെ പേരിന് മുന്‍പില്‍ മുന്‍ ആഭ്യന്തരമന്ത്രിയെന്നാണ് കിടക്കുന്നത്. അത് പോലും മാറ്റിയില്ല. ഇങ്ങനെയല്ല ആളുകളെ പരിഗണിക്കേണ്ടത്”- എന്നായിരുന്നു ജസ്റ്റിസ് നരിമാന്‍ പറഞ്ഞത്.
സെപ്തംബര്‍ മൂന്നിനാണ് ഡി.കെ ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയത്. കേസില്‍ ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 23-നാണ് ശിവകുമാര്‍ തിഹാര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്.
കേസിന്റെ നടപടികള്‍ക്കിടെ ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.
ശബരിമല കേസില്‍ ഇന്നലെ നല്‍കിയ ന്യൂനപക്ഷ വിധി വായിച്ചുനോക്കണമെന്നും കളിക്കാന്‍ വേണ്ടി എഴുതിവെച്ചതല്ല അതെന്നുമായിരുന്നു ക്ഷുഭിതനായിക്കൊണ്ട് ജസ്റ്റിസ് നരിമാന്‍ പറഞ്ഞത്. കേന്ദ്രത്തിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
2018 ലെ വിധിക്ക് സ്റ്റേ ഇല്ലെന്നും കേസിലെ നിയമപ്രശ്‌നങ്ങള്‍ വിശാലബെഞ്ച് പരിഗണിച്ച് തീരുമാനമെടുക്കും വരെ പുന:പരിശോധനാ ഹരജികള്‍ മാറ്റിവെക്കുന്നുവെന്നുമായിരുന്നു ഇന്നലത്തെ വിധിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയത്. ശബരിമല പുനപരിശോധനാ വിധിയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് വിധി എഴുതിയത് നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢുമായിരുന്നു.