ദല്‍ഹി കലാപക്കേസ് അന്വേഷണത്തില്‍ പൊലീസിന്റെ അനാസ്ഥയെ വിമര്‍ശിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം
national news
ദല്‍ഹി കലാപക്കേസ് അന്വേഷണത്തില്‍ പൊലീസിന്റെ അനാസ്ഥയെ വിമര്‍ശിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th October 2021, 9:19 am

ന്യൂദല്‍ഹി: കലാപ കേസുകളുടെ അന്വേഷണത്തില്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ വിചാരണ ജഡ്ജിക്ക് സ്ഥലം മാറ്റം.

ദല്‍ഹി കലാപക്കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് കാണിച്ച അനാസ്ഥയെ വിമര്‍ശിച്ച ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവിനാണ് സ്ഥലംമാറ്റം.

കലാപ കേസുകള്‍ പരിഗണിച്ചിരുന്ന കര്‍ക്കര്‍ഡൂമ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ന്യൂദല്‍ഹി ജില്ലാ റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജിയായാണ് നിയമനം. പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ചതിന് തൊട്ടടുത്ത ദിവസമാണ് സ്ഥലംമാറ്റം

2020 ലെ ദല്‍ഹി കലാപക്കേസില്‍ പൊലീസുകാര്‍ കള്ളസാക്ഷ്യം പറയുകയാണെന്ന് വിനോദ് യാദവ് പറഞ്ഞിരുന്നു. പൊലീസുകാരനായ ഒരു സാക്ഷി പ്രതികളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു പൊലീസുകാരന് അവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും വിനോദ് യാദവ് പറഞ്ഞിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെയും വിനോദ് യാദവ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. വിഭജനത്തിനുശേഷം നടന്ന ഏറ്റവും വലിയ കലാപത്തില്‍ ശരിയായ അന്വേഷണം നടത്താത്തത് ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ക്ക് എക്കാലവും കളങ്കമായിരിക്കുമെന്നാണ് ദല്‍ഹി ഹൈക്കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് പറഞ്ഞത്.

 

കേസ് ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നതാണെന്നും കോടതിയെ കബളിപ്പിക്കുന്നതാണെന്നും വിനോദ് യാദവ് പറഞ്ഞിരുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കുറ്റാരോപിതര്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും സ്വതന്ത്ര ദൃക്‌സാക്ഷികളില്ലെന്നും ഗൂഢാലോചനക്ക് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശാസ്ത്രീയമായി അന്വേഷണം നടത്താന്‍ കഴിയാത്തത് അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും വിനോദ് യാദവ് വിമര്‍ശിച്ചിരുന്നു.

2020 ഫെബ്രുവരിയിലാണ് വടക്ക്-കിഴക്കന്‍ ദല്‍ഹിയില്‍ കലാപം നടന്നത്. 53 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Judge Who SlammedCops For “Callous” Delhi Riots Cases Probe Transferred