ഓം ശാന്തി ഓശാന എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിർമാതാവ് സാന്ദ്ര തോമസ് നടത്തിയ പരാമർശങ്ങൾക്കെതിരെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ബജറ്റ് കുറക്കണമെന്ന് സാന്ദ്ര പറഞ്ഞുവെന്നും എന്നാൽ അവർ പറഞ്ഞ പണത്തിന് ആ സിനിമ തീരില്ലെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും ജൂഡ് പറഞ്ഞു. പണം വാങ്ങാതെയാണ് താനും മിഥുൻ മാനുവൽ തോമസും ആ ചിത്രം ചെയിതതെന്ന കാര്യം സാന്ദ്ര പറഞ്ഞില്ലെന്നും റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ ജൂഡ് പറഞ്ഞു.
‘സാന്ദ്ര ആ സംഭവത്തെപ്പറ്റി മുഴുവനായും പറഞ്ഞില്ല. അതായത്, ആ ചിത്രത്തെപ്പറ്റി സാന്ദ്രയോട് സംസാരിച്ചപ്പോൾ ഒന്നേമുക്കാൽ കോടി രൂപയാണ് ബജറ്റ് പറഞ്ഞത്.
ബജറ്റ് കുറയ്ക്കണമെന്ന് സാന്ദ്ര പറഞ്ഞിരുന്നു. അതിനെച്ചൊല്ലി ഞങ്ങൾ തമ്മിൽ ഫ്രിക്ഷൻ ഒക്കെ വന്നു. പോസ്റ്റർ ഡിസൈൻ ചെയ്യണമെങ്കിൽ നിന്റെ വീട്ടിൽ നിന്നാളെ കൊണ്ടുവന്നോയെന്ന് സാന്ദ്ര പറഞ്ഞു. അതെന്നെ വളരെ വേദനിപ്പിച്ചു. അങ്ങനെയൊന്നും ഒരു പ്രൊഡ്യൂസർ എന്നോട് പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
അതിന് ശേഷം ഞങ്ങൾ മറ്റൊരു പ്രൊഡ്യൂസറിന്റെ അടുത്ത് ചെന്ന് കഥപറഞ്ഞു. ഞാന് മിഥുനും ഈ ചിത്രം ചെയ്യുന്നില്ലായെന്നു സാന്ദ്രയോട് പിന്നീട് പറഞ്ഞു, സാന്ദ്രയിത് വിട്ടേക്കൂ. കാരണം നിങ്ങൾ ബജറ്റ് കുറക്കാൻ പറഞ്ഞുകൊണ്ടിരിക്കുകയല്ലേ.
നിങ്ങൾ മിണ്ടരുത് നിങ്ങൾ നല്ല ദേഷ്യക്കാരനാണ്, അതുകൊണ്ടു താൻ സംസാരിച്ചുകൊള്ളാമെന്ന് മിഥുൻ എന്നോട് നേരത്തെ പറഞ്ഞിരുന്നു. പക്ഷെ പറഞ്ഞുവന്നപ്പോൾ മിഥുൻ അവളെ കുറെ ചീത്തയും പറഞ്ഞിട്ട് ഇറങ്ങിപ്പോയി. ഞാൻ അപ്പോൾ ആകെ പെട്ടുപോയി. സാന്ദ്ര കരച്ചിലും ആയി. ഇതിനെപ്പറ്റി ഇപ്പോൾ സംസാരിക്കേണ്ട പിന്നെ സംസാരിക്കാമെന്ന് ഞാൻ പറഞ്ഞു.
പക്ഷെ അതിനുശേഷം എനിക്കെതിരെ പരാതിയുണ്ടെന്നൊക്കെ പറഞ്ഞ് ഫെഫ്ക്കയിൽ നിന്ന് കാൾ വന്നിരുന്നു.
പരാതിയാണെങ്കിൽ നോക്കാം, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ആ ചിത്രം ഞാൻ ചെയ്യുന്നില്ല എന്നുപറഞ്ഞതല്ലേയെന്ന് ഞാൻ സാന്ദ്രയോട് പറഞ്ഞു.
അസോസിയേഷനിൽ ഒക്കെ വന്നിരുന്നു, ബി. ഉണ്ണികൃഷ്ണൻ സാർ ഒക്കെ ഇടപെട്ടതാണ്. ഞാൻ കുറേക്കാലം അസോസിയേഷനിൽ കയറിയിറങ്ങിയതാണ്.
25 ലക്ഷം രൂപ അല്ലെങ്കിൽ ഈ ചിത്രം അവരുടെ കൂടെ ചെയ്യണം എന്നാണ് അന്ന് തീരുമാനമായത്. ഞാൻ ഒരാഴ്ച്ച സമയം ചോദിച്ചു. കാരണം ഇങ്ങനെ ഒത്തിരി നാൾ ഇതിനായി അസോസിയേഷൻ കയറിയിറങ്ങിയതല്ലേ. എനിക്ക് നിങ്ങളുടെ കൂടെ വർക്ക് ചെയ്യാൻ മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് സാന്ദ്രയോട് പറഞ്ഞു. കാരണം ഈ സിനിമ ഞാൻ ഉപേക്ഷിക്കുകയാണ്. അന്നെനിക്ക് സാന്ദ്രയുമായി ഒട്ടും മാനസികമായി ഒത്തുപോകില്ലായിരുന്നു.
അവർക്ക് അന്ന് ചെലവായത് ഒരുലക്ഷത്തിഅറുപതിനായിരം രൂപയാണ്, എന്റെ 15000 രൂപ അഡ്വാൻസ് അടക്കം. ഞാൻ അഞ്ചുലക്ഷം രൂപ വാങ്ങി തരാമെന്ന് പറഞ്ഞു. പക്ഷെ അതുപറ്റില്ലായെന്നും പത്തുലക്ഷം തന്നെ വേണമെന്നും സാന്ദ്ര പറഞ്ഞു.
ആൽവിൻ ആന്റണി ആയിരുന്നു ചിത്രത്തിന്റെ പ്രൊഡ്യൂസർ, ആർക്കും പത്തുപൈസ കൊടുക്കില്ലായെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ശമ്പളം വേണ്ടെന്ന് ഞാനും മിഥുനും പറഞ്ഞു. അതിനുപകരം അവർക്ക് പണം നൽകാൻ ആവശ്യപ്പെട്ടു.
സംസാരങ്ങൾക്കൊടുവിൽ മിഥുൻ മാനുവൽ തോമസ് അവർക്ക് വേണ്ടി ഒരു ചിത്രം ചെയ്യാമെന്നും ഏഴുലക്ഷം രൂപ കൊടുക്കാമെന്നും എഗ്രിമെന്റ് കൊടുത്തു. അവൾക്ക് അപ്പോളജി ലെറ്ററും വേണമെന്ന് ആവശ്യപ്പെട്ടു. അതും കൊടുക്കാമെന്ന് സമ്മതിച്ചു.
ഫെബ്രുവരിയിൽ തുടങ്ങാനിരുന്ന ആ ചിത്രം ആഗസ്റ്റിലാണ് ആരംഭിച്ചത്, ഓം ശാന്തി ഓശാന. ഈ പ്രശ്‌നം എങ്ങനെയെങ്കിലും അവസാനിപ്പിക്കാൻ കുടുംബം വരെ വിൽക്കാൻ ഞാൻ തയ്യാറായിരുന്നു. ശമ്പളം വേണ്ടായെന്ന് പറഞ്ഞിട്ടും ഓം ശാന്തി ഓശാനയിൽ ആൽവിൻ ചേട്ടൻ എനിക്ക് 85000 രൂപ തന്നു. നാളുകൾ കഴിഞ്ഞപ്പോൾ അവർ ഇന്റർവ്യൂവിൽ പറഞ്ഞു ഞങ്ങളുടെ കയ്യിൽ നിന്നും അപ്പോളജി ലെറ്റർ വാങ്ങിയെന്ന്.
2018 കണ്ടിട്ട് സാന്ദ്ര വിളിച്ചിട്ടുണ്ടായിരുന്നു. സാന്ദ്ര വളരെ ജനുവിനെ ആയിട്ടുള്ള ആളായിരുന്നു. അവൾ ബജറ്റ് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു വേണ്ടാ പറയില്ല ഇന്റർവ്യൂവിൽ പോയി പറയാനല്ലേയെന്ന്. ( ചിരിച്ചുകൊണ്ട് ). പറയുമ്പോൾ എല്ലാം പറയണ്ടേ, കാശ് വാങ്ങിക്കാതെ ഞങ്ങൾ വർക്ക് ചെയ്യാഞ്ഞ കാര്യം എന്താ പറയാഞ്ഞേയെന്ന് ഞാൻ സാന്ദ്രയോട് ചോദിച്ചു.
ഒരു യുവ നടൻ ചിത്രത്തിൽ നിന്നൊഴിഞ്ഞു എന്നൊക്കെയാണ് അവൾ പറഞ്ഞിരിക്കുന്നത്. നിവിൻ ഒരിക്കലും സാന്ദ്ര വേണ്ട എന്നൊന്നും പറഞ്ഞിട്ടില്ല. എന്റെയും മിഥുന്റെയും തീരുമാനമായിരുന്നു അത്. കാരണം ഒന്നേമുക്കാൽ കോടി ബജറ്റിൽ ആ പടം തീരില്ലെന്ന് ഉറപ്പായിരുന്നു.
ഇന്ന് പറഞ്ഞാൽ സാന്ദ്ര ചിലപ്പോൾ സമ്മതിക്കും. അന്ന് അവർ വേറെ ഒരാളായിരുന്നു. എല്ലാവരും മാറുമല്ലോ. ഇപ്പോൾ ഞാൻ സാന്ദ്രയുടെ നല്ല ബന്ധത്തിലാണ്,’ ജൂഡ് പറഞ്ഞു.
Content Highlights: Jude Anthany Joseph about Sandra Thomas