Daily News
പാര്‍ട്ടി പോഷകികളായ മഹിളാസംഘടനകള്‍ ചെയ്യുന്നത് ചളിക്കുണ്ടില്‍ വീണുപോയ തങ്ങളുടെ നേതാക്കന്മാരെ സംരക്ഷിക്കല്‍: ജോയ് മാത്യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Nov 07, 01:53 am
Monday, 7th November 2016, 7:23 am

പാര്‍ട്ടി പോഷകികളായ മഹിളാസംഘടനകള്‍ നാട്ടില്‍ നടക്കുന്ന സ്ത്രീ പീഡങ്ങള്‍ക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും എതിരെ കഴിഞ്ഞകാലങ്ങളില്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്തതായി തനിക്ക് അറിവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


കൊച്ചി: വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വനിതാ സംഘടനകള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു.

പാര്‍ട്ടി പോഷകികളായ മഹിളാസംഘടനകള്‍ നാട്ടില്‍ നടക്കുന്ന സ്ത്രീ പീഡങ്ങള്‍ക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും എതിരെ കഴിഞ്ഞകാലങ്ങളില്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്തതായി തനിക്ക് അറിവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മറിച്ച് ഇവര്‍ ചളിക്കുണ്ടില്‍ വീണുപോയ തങ്ങളുടെ നേതാക്കന്മാരെ സംരക്ഷിക്കാന്‍ പാടുപെടുകയാണെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.

അംഗബലം വെച്ചു നോക്കിയാല്‍ ഈ മഹിളാസംഘടക്കാര്‍ ആഞ്ഞൊരു തുപ്പു കൊടുത്താല്‍ ഒലിച്ചു പോകാവുന്നതേയുള്ളൂ
ഇവിടത്തെ ആണ്‍കോയ്മകള്‍. പക്ഷെ പുരുഷ കേന്ദ്രീകൃതമായ പാര്‍ട്ടി നേതൃത്വം പറയുന്നതിന്നപ്പുറം പാര്‍ട്ടി പെണ്‍സംഘടനകള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ല എന്നാണു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടക്കകത്താണെങ്കിലും സ്വന്തം വ്യക്തിത്വം അടിയറവെക്കാത്ത പ്രൊഫ. മീനാക്ഷി തംബാനെപ്പോലെയുള്ളവരെ മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതു കൊണ്ടൊക്കെ തന്നെയാണ് ബലിയാടുകളായിപ്പോകുന്ന അബലകള്‍ ഭാഗ്യലക്ഷ്മിയെപ്പോലുള്ള ഒറ്റപ്പെട്ട തുരുത്തുകള്‍ തേടിപ്പോകുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. നീതിയുടെ കൊടി തണലായുള്ള
ഇത്തരം തുരുത്തുകളില്‍ മാത്രമാണിപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.

കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവരുടേതായ പെണ്‍സംഘടനകളുണ്ട്. അതില്‍ കുറച്ചുപേര്‍ സമ്മേളനങ്ങള്‍ക്ക് മുന്‍പില്‍ ബാനര്‍ പിടിക്കാനും ബാക്കിയുള്ളവര്‍ തലയില്‍ തൊപ്പിയും വെച്ച് പ്രകടനങ്ങളില്‍ മറ്റുള്ളവരാല്‍ സംരക്ഷിതരോ സുരക്ഷിതരോ ആയി നടന്നു നീങ്ങുന്നതും കാണാം(മുദ്രാവാക്യം വിളിയും കണ്ടേക്കാം), ജോയ് മാത്യു പരിഹാസ രൂപേണ പറഞ്ഞു.

ഇനി പ്രത്യക്ഷത്തില്‍ ഒരു പാര്‍ട്ടിയിലും ഇല്ലാത്ത സ്ത്രീ സംഘടനകള്‍ വേറെയുമുണ്ട്. അവര്‍ അവര്‍ക്കാകും പോലെ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.