Kerala News
'ഒഴിവുണ്ട്- യോഗ്യത- വിശ്വസ്തനാകണം, ഹിന്ദി അറിയണം. ഉയര്‍ന്ന പദവിയാണ്, അഖിലേന്ത്യനാകാം, സുഖജീവിതം എന്നിട്ടും പലര്‍ക്കും താല്‍പര്യമില്ല പോലും': സിന്ധു സൂര്യകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 26, 04:38 pm
Monday, 26th September 2022, 10:08 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പരിഹാസ കുറിപ്പുമായി മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍. നാലാളറിയും സര്‍വോപരി സുഖജീവിതം എന്നിട്ടും പലര്‍ക്കും താല്‍പര്യമില്ലന്നും ചെറുപ്പത്തില്‍ അനുസരണ പഠിക്കാത്തതിന്റെ കുഴപ്പമാണിതെന്നും സിന്ധു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘ഒഴിവുണ്ട്- യോഗ്യതകള്‍ – വിശ്വസ്തനാകണം, ഹിന്ദി അറിയണം. ഉയര്‍ന്ന പദവിയാണ്, അഖിലേന്ത്യനാകാം, നാലാളറിയും സര്‍വോപരി സുഖജീവിതം എന്നിട്ടും പലര്‍ക്കും താല്‍പര്യമില്ല പോലും, ചെറുപ്പത്തില്‍ അനുസരണ പഠിക്കാത്തതിന്റെ കുഴപ്പം, അല്ലാതെന്താ! യോഗല്യാ ന്റമ്മിണിയേ,’ എന്നാണ് സിന്ധു സൂര്യകുമാര്‍ എഴുതിയത്.

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന അശോക് ഗഹ്‌ലോട്ടും കമല്‍ നാഥും മത്സരിക്കാനില്ലെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സിന്ധുവിന്റെ പ്രതികരണം.

കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ താല്പര്യമില്ലെന്ന് കമല്‍നാഥ് ഹൈക്കമാന്റിനെ അറിയിച്ചു. രാജസ്ഥാന്‍ പ്രതിസന്ധി കനക്കുന്നതിനിടെ ദല്‍ഹിയിലെത്തിയ കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, രാജസ്ഥാന്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കമല്‍നാഥിനെ ഇറക്കി പരിഹാരം കണ്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി നിരീക്ഷകരെ അശോക് ഗെഹ്‌ലോട്ടും അറിയിച്ചിരുന്നു. രാജസ്ഥാനില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയിലാണ് ഗെഹ്‌ലോട്ട് നിലപാട് അറിയിച്ചത്. അതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു.