കോഴിക്കോട്: ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ (India: The Modi Question) എന്ന ഡോക്യുമെന്ററി രാജ്യത്തെ ജനങ്ങള്‍ സ്വീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ബി.ബി.സി മുന്‍വിധിയുള്ള ചാനലാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
ഈ പ്രതികരണവുമായി ബന്ധപ്പെട്ട് നടന്ന മീഡിയാവണ്‍ ചാനലില്‍ അനില്‍ ആന്റണിയോട് ചോദ്യങ്ങളുയര്‍ത്തുകയാണ് അവതാരകനായ നിഷാദ് റാവുത്തര്‍. ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഒരക്ഷരം പോലും എഴുതാത്ത അനില്‍ ആന്റണിക്ക്, മോദിക്ക് വേദനിച്ചപ്പോള്‍ പ്രശ്‌നമായത് എന്തുകൊണ്ടാണെന്ന് നിഷാദ് ചോദിച്ചു. എന്നാല്‍ നിഷാദിന്റെ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം നല്‍കാന്‍ അനില്‍ ആന്റണിക്ക് കഴിഞ്ഞില്ല.
നരേന്ദ്ര മോദിയെ ബി.ബി.സി വിമര്‍ശിക്കുന്നതില്‍ അനില്‍ ആന്റണിക്കുള്ള വേദന എന്താണ്? എന്ന് ചോദിക്കുമ്പോള്‍ എനിക്ക് ഒരു വേദനയുമില്ലെന്ന് മാത്രമാണ്
അനില്‍ മറുപടി പറയുന്നത്.
‘ഡോക്യുമെന്ററി കാണുക പോലും ചെയ്യാത്ത താങ്കള്‍ അതിലൊരു ഗൂഢാലോചന ഉണ്ടെന്ന് എങ്ങിനെയാണ് കണ്ടെത്തിയത്.
രാഹുല്‍ ഗാന്ധി പോലും നിലപാട് കൃത്യമായി വ്യക്തമാക്കിയ ഒരു വിഷയത്തില്‍ എന്തിനാണ് നിങ്ങള്‍ ഒരു പാര്‍ട്ടിയെ മുഴുവന്‍ ഇരുട്ടത്തുനിര്‍ത്തുന്നത്? 2000 മനുഷ്യര്‍ മരിച്ച ഒരു കലാപത്തെക്കുറിച്ച് താങ്കള്‍ക്ക് ഒരു പരിഗണനയുമില്ലേ,’ നിഷാദ് റാവുത്തര്‍ ചോദിച്ചു.
ഭാരത് ജോഡോ യാത്രയെക്കുറിച്ച് എന്തെങ്കിലും പറയാത്ത ഒരു കോണ്‍ഗ്രസുകാരനുണ്ടോ എന്നത് തനിക്കറിയില്ലെന്ന് പറഞ്ഞ നിഷാദ്, മോദിക്ക് പൊള്ളിയപ്പോള്‍ ഒരു ട്വീറ്റുമായി അനില്‍ എത്തുന്നതെന്തുകൊണ്ടാണെന്നും ചോദിച്ചു.
‘രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെക്കുറിച്ച് ഒരു ട്വീറ്റോ ഒരു പോസ്റ്റോ താങ്കള്‍ ഇത്രകാലത്തിനിടക്ക് ഇട്ടിട്ടുണ്ടോ. ആ യാത്ര ഇപ്പോള്‍ അവസാനിക്കാറായി. ഇതുവരെ ഒരു വരി അതിനെക്കുറിച്ച് താങ്കള്‍ എഴുതിയിട്ടുണ്ടോ.
ഇപ്പോള്‍ മോദിയുടെ ഇമേജിന് ഒരു ചെറിയ പോറലേറ്റപ്പോള്‍ താങ്കള്‍ പോസ്റ്റുമായി വന്നിരിക്കുന്നു. താങ്കള്‍ക്ക് നൊന്തിരിക്കുന്നു. താങ്കള്‍ ഒരു സാധാരണ കോണ്‍ഗ്രസുകാരനല്ല. പ്രധാനപ്പെട്ട ചുമതലയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവാണെന്ന് ഓര്‍ക്കണം,’ നിഷാദ് റാവുത്തര്‍ പറഞ്ഞു.
രാഷ്ട്രതാല്‍പര്യം രാഷ്ട്രീയ താല്‍പര്യത്തിന്റെ അപ്പുറമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അനില്‍ മറുപടി പറയുമ്പോള്‍, വെറുപ്പിനെതിരെയുള്ള യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്നും അത് എന്തുകൊണ്ടാണ് രാഷ്ട്രതാല്‍പര്യത്തിന് വേണ്ടിയാണെന്ന് താങ്കള്‍ക്ക് തോന്നാത്തതെന്നും അവതാരകന്‍ ചോദിച്ചു.
അതേസമയം അനില്‍ ആന്റണിയുടെ നിലപാടിനെ തള്ളി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്തെത്തി. കെ.പി.സി.സി ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സുധാകരന്‍ പറഞ്ഞു.
ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബി.ബി.സി ഡോക്യുമെന്ററിയായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി.