കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്കിടെ പ്രതികരണവുമായി അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ കുമാര്‍. എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ എന്ന ചോദ്യമുയര്‍ത്തിയാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
‘എയര്‍പോര്‍ട്ടില്‍ പോലും ഗ്രീന്‍ ചാനല്‍ പരിരക്ഷയുള്ള ഡിപ്ലോമാറ്റിന്റെ പായ്ക്കറ്റുകള്‍ ക്ലിഫ് ഹൗസിലേക്ക് വന്നാല്‍ ആരും പരിശോധിക്കില്ല എന്ന് ഇരിക്കെ ബിരിയാണി പാത്രത്തെ കൂട്ടി ചേര്‍ത്തതിലുള്ള കുടിലബുദ്ധി പക്ഷെ പ്ലാന്റിംഗി(planting)ല്‍ ദുര്‍ബലമായ തിരക്കഥ കാരണം പാളി. പ്രൊപ്പഗാണ്ട അനാലിസിസില്‍ അഥവാ പ്രചരണ വേല വിശകലനത്തില്‍ ഗില്‍റ്റ്(ന്യൂനപക്ഷ വിരുദ്ധ) ബൈ അസോസിയേഷനോട് ചേര്‍ന്ന് നില്‍ക്കാവുന്ന ഒരു തന്ത്രമാണ് ട്രാന്‍സ്ഫര്‍ അഥവാ പകരംവെയ്ക്കല്‍.
ഒരു ലതര്‍ ബാഗിലെ ലോഹം, സഞ്ചിയില്‍ ലോഹം, കാര്‍ട്ടന്‍ നിറച്ച് ലോഹം എന്നിവയ്ക്കില്ലാത്ത ഒരു സവിശേഷ ഗുണത്തെ കള്ളക്കടത്തിനോട് ചേര്‍ക്കുന്ന വ്യാജ വിരുതാണത്. ഖുര്‍ആനിലെ, ഈന്തപഴത്തിലെ കടത്ത് പോലെ ബിരിയാണി ചെമ്പിലെ കടത്ത്. ഒരു തെളിവ് മൂല്യവും നിലവിലില്ലാത്ത രഹസ്യമൊഴിയില്‍ ബൈറ്റ് എടുത്ത് കൗണ്ടര്‍ബൈറ്റ് വിളയിച്ച് വാര്‍ത്ത നടാനിറങ്ങുകയല്ല. പകരം അന്വേഷണ ഏജന്‍സികള്‍ തോറ്റിടത്ത് അന്വേഷണാത്മകമായി ഇറങ്ങാന്‍ കഴിയണം. എല്ലാ ഇടപാടുകളും വെളിച്ചത്തുകൊണ്ടുവരണം. ആര് ആര്‍ക്ക് വേണ്ടി എന്ന ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കണം,’ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ എഴുതി.