വിനായകന് മീ ടുവിനെ കുറിച്ച് അറിവില്ലാത്തതല്ല, അയാളതിനെ ഭയപ്പെടുന്നുണ്ട്: അരുണ്‍ കുമാര്‍
Kerala News
വിനായകന് മീ ടുവിനെ കുറിച്ച് അറിവില്ലാത്തതല്ല, അയാളതിനെ ഭയപ്പെടുന്നുണ്ട്: അരുണ്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd March 2022, 8:01 pm

നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. വിനായകന് മീ ടു വിന്റെ ക്യാമ്പെയ്ന്‍ മൂല്യത്തെ കുറിച്ച് അറിവില്ല എന്നല്ല അയാള്‍ അതിനെ ഭയപ്പെടുന്നുണ്ട് എന്നാണ് പത്രസമ്മേളനത്തില്‍ നിന്നും മനസിലായതെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അരുണ്‍കുമാര്‍ ഇക്കാര്യം പറയുന്നത്.

‘തുല്യതയില്ലാത്ത രണ്ടു പേരില്‍ കൂടുതല്‍ പ്രിവിലേജുള്ള, ഒരുപക്ഷേ നിഷേധിച്ചാല്‍ പ്രൊഫഷണല്‍ ഉയര്‍ച്ചയ്ക്കുള്ള അവസരമോ അക്കാദമിക് പിന്തുണയോ നഷ്ടപ്പെടുത്തുമെന്ന ഭയത്താല്‍ കണ്‍സന്റ് നിര്‍മിക്കുന്നവര്‍ക്ക് എതിരേയാണ് മീ ടു.

വിനായകന് മീ ടു വിന്റെ ക്യാമ്പെയ്ന്‍ മൂല്യത്തെ കുറിച്ച് അറിവില്ല എന്നല്ല അയാള്‍ അതിനെ ഭയപ്പെടുന്നുണ്ട് എന്നതാണ് ആ പ്രസ് മീറ്റില്‍ നിന്ന് മനസ്സിലായത്.

ഒരു സ്ത്രീയെ ആവര്‍ത്തിച്ച് ലൈംഗിക വസ്തുവത്കരിക്കുന്ന ചോദ്യമാണ് വിനായകന്റെ സെക്‌സിന് താത്പര്യമുണ്ടോ എന്നത്. അതും പ്രസ് മീറ്റില്‍ തന്റെ തൊഴിലെടുക്കാന്‍ എത്തിയ വനിതാ ജേര്‍ണലിസ്റ്റിനെ അവരുടെ അനുവാദമില്ലാതെ ഹൈപ്പോതിറ്റിക്കല്‍ സിറ്റുവേഷനില്‍ പെടുത്തിയ ഉദാഹരിക്കല്‍ അയാളുടെ അടിയുറച്ച ഫാലോസെന്‍ട്രിക്കല്‍ നിലപാടാണ്,’ അരുണ്‍കുമാര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ നടന്‍ ഹരീഷ് പേരടിയും എഴുത്തുകാരി ശാരദക്കുട്ടിയുമടക്കം നിരവധി പേര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രെസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മീ ടൂവിനെ കുറിച്ചും തന്റെ സെക്‌സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന്‍ പറഞ്ഞത്.

തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.

ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ എന്നായിരുന്നു വിനായകന്റെ ചോദ്യം.

മീ ടൂ എന്നു പറയുന്നതിന്റെ ബേസിക് തോട്ട് എന്താണെന്നും, പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും വ്യാഖ്യാനമെന്താണെന്നും വിനായകന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.

Content Highlight: Journalist Arun Kumar against Actor Vinayakan