മലയാളത്തിലെ ഹിറ്റ് മേക്കര്‍ സംവിധായകനാണ് ജോഷി. എഴുപതുകളുടെ അവസാനങ്ങളില്‍ തന്റെ സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം ഇന്നും സിനിമയില്‍ സജീവമാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ താരപരിവേഷം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച സംവിധായകനാണ് അദ്ദേഹം. ജോജു നായകനായി എത്തിയ ആന്റണി ആയിരുന്നു അവസാനമായി ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.
മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായിരുന്നു ‘ഈ തണുത്ത വെളുപ്പാൻകാലത്ത്. പത്മരാജൻ തിരക്കഥ ഒരുക്കിയ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. അന്നും ഇന്നും തന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരനാണ് പത്മരാജനെന്നും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വ്യത്യസ്തമാണെന്നും ജോഷി പറയുന്നു. പത്മരാജനൊപ്പം സിനിമ ചെയ്യുകയെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ ജോഷി പറഞ്ഞു.
‘അന്നും ഇന്നും എന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരൻ പത്മരാജനാണ്. അദ്ദേഹത്തിന്റെ സിനിമകൾ നോക്കിയാൽ അറിയാം എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഏതെങ്കിലും ഒരു എഴുത്തുകാരന്റെ തിരക്കഥ സിനിമയാക്കണമെന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതു പത്മരാജന്റേത് മാത്രമാണ്. ഭാഗ്യം കൊണ്ട് അത് സാധിക്കുകയും ചെയ്‌തു. അതായിരുന്നു ‘ഈ തണുത്ത വെളുപ്പാൻകാലത്ത് ‘.
ഒരു കുറ്റാന്വേഷണകഥയായിരുന്നു അത്. ഏറെ പുതുമയുള്ള തിരക്കഥയും. സാധാരണരീതിയിൽ ലൊക്കേഷനൊക്കെ കണ്ടുപിടിച്ചതിനുശേഷമാണ് അദ്ദേഹം തിരക്കഥയൊരുക്കിയിരുന്നത്. എന്നാൽ ഈ തിരക്കഥ എഴുതി എന്നെ ഏൽപ്പിക്കുകയായിരുന്നു. ഷൂട്ടിങ് തീർന്ന് പാക്കപ്പ് പറഞ്ഞ ദിവസമാണ് അദ്ദേഹം സെറ്റിൽ വരുന്നത്.
സ്ക്രിപ്റ്റ് എഴുതുന്ന ആൾ സെറ്റിൽ ഉണ്ടാവണമെന്ന് എനിക്ക് നിർബന്ധമാണ്. എപ്പോഴാണ് അയാളുടെ സാന്നിധ്യം ആവശ്യമായി വരുന്നതെന്ന് പറയാൻ കഴിയില്ല. പക്ഷേ എഴുത്തുകാരൻ ഇല്ലാതെ ഞാൻ ഷൂട്ട് ചെയ്ത അപൂർവം സിനിമകളിൽ ഒന്നാണ് ഈ തണുത്ത വെളുപ്പാൻകാലത്ത്. ശരാശരി വിജയമായിരുന്നു ആ സിനിമ നേടിയത്,’ജോഷി പറയുന്നു.
Content Highlight: Joshy About ee Thanutha Veluppankalath Movie And Pathmarajan