Entertainment
നരനിലെ ക്ലൈമാക്‌സ് ലാലേട്ടന്‍ ഡ്യൂപ്പില്ലാതെ ചെയ്തത്; ഒരു ജേഷ്ഠന്റെ കരുതലും സ്‌നേഹവും അപ്പോള്‍ അനുഭവിച്ചു: ജോസഫ് നെല്ലിക്കല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 08, 05:31 am
Sunday, 8th December 2024, 11:01 am

രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് നരന്‍. 2005ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ മോഹന്‍ലാല്‍ മുള്ളന്‍കൊല്ലി വേലായുധനായാണ് എത്തിയത്. അദ്ദേഹത്തിന് പുറമെ മധു, സിദ്ദിഖ്, ഭാവന, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ദേവയാനി, മാമുക്കോയ, മണിയന്‍പിള്ള രാജു എന്നിവരായിരുന്നു നരനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നരന്‍ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീനാണ് ക്ലൈമാക്‌സില്‍ കുത്തിയൊലിച്ച് ഒഴുകുന്ന പുഴയിലേക്ക് മോഹന്‍ലാല്‍ ചാടി തടി എടുക്കുന്നത്. ഈ സീനിനെ കുറിച്ച് സംസാരിക്കുകയാണ് ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍.

മദ്രാസില്‍ നിന്നും ഡ്യുപ്പ് വന്നിരുന്നെങ്കിലും പുഴയുടെ ഒഴുക്ക് കണ്ടതോടെ എല്ലാവരും ചാടാന്‍ ഭയപ്പെട്ടെന്ന് ജോസഫ് നെല്ലിക്കല്‍ പറയുന്നു. അപ്പോള്‍ മോഹന്‍ലാല്‍ തന്നെ ആ സീന്‍ ഡ്യുപ്പില്ലാതെ ചെയ്യാമെന്ന് പറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുഴക്ക് അടുത്തേക്ക് പോയപ്പോള്‍ നീന്തല്‍ അറിയാത്ത തന്നോട് മോഹന്‍ലാല്‍ കേറിപ്പോകാന്‍ പറഞ്ഞെന്നും അപ്പോള്‍ ഒരു ജേഷ്ഠന്റെ കരുതലും സ്‌നേഹവും താന്‍ അനുഭവിച്ചെന്നും ജോസഫ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മദ്രാസില്‍ നിന്ന് ലാലേട്ടന് വേണ്ടിയിട്ട് ഡ്യൂപ്പ് വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ഒഴുക്ക് കണ്ടതോടെ അവരാരും ചാടാന്‍ തയ്യാറായില്ല. മടിച്ച് മടിച്ച് നിന്നു. ലാലേട്ടന്‍ വരുമ്പോള്‍ കാണുന്നത് ചാടാന്‍ പോയ ഡ്യൂപ്പ് റോപ്പൊക്കെ കെട്ടിയിട്ട് നില്‍ക്കുന്നതാണ്. ലാലേട്ടന്‍ വന്ന് ചോദിച്ചപ്പോള്‍ അത് ഡ്യൂപ്പാണെന്ന് പറഞ്ഞു.

അപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘എന്തിനാ മോനെ ഡ്യൂപ്പൊക്കെ, ഞാന്‍ തന്നെ ചാടിക്കോളാം’ എന്നായിരുന്നു. അങ്ങനെ ലാലേട്ടനാണ് ഇതിനകത്തേക്ക് ഇറങ്ങി തിരിക്കുന്നത്. ലാലേട്ടന്‍ അങ്ങനെ വെള്ളം ഒഴുകുന്നിടത്തുകൂടെ നടന്ന് ഒരു പാറപ്പുറത്തെത്തി. അവിടെ നിന്നാണ് ചാടേണ്ടത്.

ഞാനും ലാലേട്ടന്റെ കൂടെ അവിടെ വരെ കയ്യും പിടിച്ച് പോയിരുന്നു. നല്ല ഒഴുക്കായിരുന്നു. അവിടെ എത്തിയപ്പോള്‍ ലാലേട്ടന്‍ ചോദിച്ചു മോന് നീന്താന്‍ അറിയുമോയെന്ന്. ഇല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതറിയാതാണോ ഈ ഒഴുക്കില്‍ വന്ന് നില്‍ക്കുന്നത് കേറിപ്പോ എന്ന് പറഞ്ഞു. ഒരു ജേഷ്ഠന്റെ കരുതലും സ്‌നേഹവും കിട്ടുന്നത് അപ്പോഴായിരുന്നു,’ ജോസഫ് നെല്ലിക്കല്‍ പറയുന്നു.

Content Highlight: Joseph Nellikkan Says The Climax Of Naran Movie Was Done Without Dupe