ലോകത്തിലെ ഏത് ക്ലബ്ബിനെയും നയിക്കാൻ അദ്ദേഹത്തിന് സാധിക്കും: ഇതിഹാസത്തെക്കുറിച്ച് ജോർദാൻ താരം
Football
ലോകത്തിലെ ഏത് ക്ലബ്ബിനെയും നയിക്കാൻ അദ്ദേഹത്തിന് സാധിക്കും: ഇതിഹാസത്തെക്കുറിച്ച് ജോർദാൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th September 2024, 7:51 pm

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഇപ്പോഴിതാ റൊണാള്‍ഡോയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് ജോര്‍ദാന്‍ അന്താരാഷ്ട്ര താരം അലി അല്‍വാന്‍.

റൊണാള്‍ഡോയെ തനിക്ക് ആദ്യം ഇഷ്ടമില്ലായിരുന്നു എന്നും എന്നാല്‍ പോര്‍ച്ചുഗലിന്റെ കളികള്‍ കണ്ടതിനുശേഷം റൊണാള്‍ഡോയെ ഇഷ്ടപ്പെട്ടു എന്നുമാണ് ജോര്‍ദാന്‍ താരം പറഞ്ഞത്. ഗോട്ട് വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് റൊണാള്‍ഡോയെ ഇഷ്ടമായിരുന്നില്ല പോര്‍ച്ചുഗലിനൊപ്പമുള്ള മത്സരങ്ങള്‍ കണ്ടതിനുശേഷം ആണ് അദ്ദേഹത്തെ എനിക്ക് ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. പോര്‍ച്ചുഗലിനൊപ്പം അദ്ദേഹം വലിയ വിജയങ്ങള്‍ നേടി. അദ്ദേഹം വലിയ ഒരു ലീഡര്‍ഷിപ്പ് ഉള്ള താരമാണ്. ലോകത്തിലെ ഏത് ക്ലബ്ബിനെയും അദ്ദേഹത്തിന് നയിക്കാന്‍ സാധിക്കും,’ അലി അല്‍വാന്‍ പറഞ്ഞു.

റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന്റെ താരമാണ്. നിലവില്‍ സൗദിയില്‍ തന്റെ പ്രായത്തെ പോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടനങ്ങളാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്.

യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്. റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയിരുന്നു.

സൗദി പ്രോ ലീഗില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ അല്‍ വെഹ്ദയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയിരുന്നത്. ഈ മത്സരത്തില്‍ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു.

ഈ ഗോളിന് പിന്നാലെ ഒരു ചരിത്ര നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. നാല് വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടി 70 ഗോളുകള്‍ നേടുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടത്തിലേക്കാണ് പോര്‍ച്ചുഗീസിന്റെ ഇതിഹാസം കാലെടുത്തുവെച്ചത്.

ഇതിനോടകം തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് റൊണാള്‍ഡോ 70ലധികം ഗോളുകള്‍ അടിച്ചുകൂട്ടിയത്.

 

Content Highlight: Jordan Player Talks About Cristaino Ronaldo