2023 ലോകകപ്പില്‍ അപ്രതീക്ഷിതമായ കടന്നുവരവായിരുന്നു അഫ്ഗാനിസ്ഥാന്റേത്. ഈ സീസണില്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയ അഫ്ഗാന്‍ പട വന്‍ അട്ടിമറി വിജയങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. മുന്‍ ലോകചാമ്പ്യന്‍മാരായ ശ്രീലങ്കയെയും പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചുകൊണ്ടാണ് ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാന്‍ കുതിക്കുന്നത്.
ശക്തരായ മുന്‍ ചാമ്പ്യന്‍മാരെ മലര്‍ത്തിയടിച്ചതോടെ ക്രിക്കറ്റ് ലോകത്ത് അഫ്ഗാനിസ്ഥാന്‍ ഏറെ ചര്‍ച്ചയാവുകയാണ്. ഇതോടെ കളിച്ച ആറ് മത്സരങ്ങളില്‍ മൂന്നെണ്ണം വിജയിച്ച അഫ്ഗാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
ടീമിന്റെ പ്രകടനത്തില്‍ ഹെഡ് കോച്ച് ജൊനാഥന്‍ ട്രോട്ട് സംതൃപ്തനാണ്. മികച്ച ഫോമിലുള്ള അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് ലൈനപ്പില്‍ ഇനി പുതിയ ലക്ഷ്യങ്ങള്‍ ഒരുക്കുകയാണ് ട്രോട്ട്. ടൂര്‍ണമന്റില്‍ മികച്ച ബാറ്റിങ് സ്ഥിരതയുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും സെഞ്ച്വറി അടിക്കാന്‍ കഴിഞ്ഞിട്ടില്ല, തങ്ങളുടെ അടുത്ത വെല്ലുവിളി അതാണെന്ന് ട്രോട്ട് പറയുകയാണ്.
‘ഇതുവരെ ആര്‍ക്കും സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല, അതാണ് തങ്ങളുടെ അടുത്ത വെല്ലുവിളി. ആരെങ്കിലും ടീമിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുത്ത് കൂടുതല്‍ സമയം ക്രീസില്‍ നിന്നാല്‍ ഉറപ്പായും സെഞ്ച്വറി നേടാന്‍ കഴിയും,’ ട്രോട്ട് സ്റ്റാര്‍ സ്പോട്സിനോട് പറഞ്ഞു.
അഫ്ഗാന്‍ താരങ്ങള്‍ മുമ്പ് സെഞ്ച്വറി അടിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ മധ്യനിരയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെയിസിങ്ങിലെ അഫ്ഗാന്‍ ബാറ്റിങ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ശ്രീലങ്കക്കെതിരെയുള്ള മത്സരത്തിലും കാണാന്‍ സാധിച്ചിട്ടുണ്ട്.
ഡഗൗട്ടിലെ വൈറ്റ് ബോര്‍ഡ് ടാര്‍ഗെറ്റ് ഭേദിച്ച് വിജയലക്ഷ്യത്തിലെത്തുന്നതിന്റെ തന്ത്രവും ട്രോട്ട് വെളിപ്പെടുത്തി. കളിയില്‍ ചെറുതും എന്നാന്‍ കൈകാര്യം ചെയ്യാന്‍ എളുപ്പവുമായ ടാര്‍ഗെറ്റ് ബാറ്റര്‍ക്ക് നല്‍കികൊണ്ട് ചെയിസിങ് സമ്മര്‍ദം കുറക്കാന്‍ സാദിക്കുമെന്ന് ട്രോട്ട് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാന്‍ അടുത്ത മത്സരത്തില്‍ നെതര്‍ലെന്‍ഡ്സിനെയാണ് നേരിടുന്നത്. സെമിഫൈനല്‍ സാധ്യത ഉറപ്പിക്കാന്‍ ഈ മത്സരം അഫ്ഗാന് നിര്‍ണായകമാണ്. നവംബര്‍ മൂന്നിന് എകാനാ സ്പോട്സ് സിറ്റിയിലാണ് മത്സരം.
Content Highlight: Jonathan Trott about Afghanistan’s batting plans