ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ഏത് വിധേനയും തടയും: യു.എസ്
World
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ഏത് വിധേനയും തടയും: യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2013, 12:26 am

യു.എസ്: ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ഏത് വിധേനയും തടയുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.

ആണവയുദ്ധം ആസന്നമായെന്ന രീതിയില്‍ ഉത്തര കൊറിയ നടത്തുന്ന ഭീഷണികള്‍ അമേരിക്ക അംഗീകരിക്കില്ലെന്നും കെറി വ്യക്തമാക്കി. []

പ്രകോപനത്തിന് മുതിര്‍ന്നാല്‍ ഉത്തരകൊറിയ വലിയ വില നല്‍കേണ്ടിവരുമെന്നും ദക്ഷിണകൊറിയയില്‍ സന്ദര്‍ശനത്തിനെത്തിയ കെറി മുന്നറിയിപ്പ് നല്‍കി.

ഉത്തരകൊറിയയെ ആണവരാഷ്ട്രമായി അംഗീകരിക്കില്ല. ആണവായുധശേഷി കൈവരിക്കാന്‍ വേണ്ട സാങ്കേതിക വിദ്യ ഉത്തരകൊറിയയ്ക്കില്ലെന്നും കെറി പറഞ്ഞു.

മേഖലയില്‍ യുദ്ധഭീതി കനത്തിരിക്കെയാണ് കെറിയുടെ ദക്ഷിണകൊറിയന്‍ സന്ദര്‍ശനം.  രാജ്യസ്ഥാപകന്‍ കിം ഇല്‍ സൂങിന്റെ 101ആം ജന്മവാര്‍ഷിക ആഘോഷവേളയില്‍ തിങ്കളാഴ്ച ഉത്തരകൊറിയ മിസൈല്‍ പരീക്ഷിക്കുമെന്ന അഭ്യൂഹം വ്യാപകമാണ്.

ഫിബ്രവരിയില്‍ നടന്ന മൂന്നാം ആണവപരീക്ഷണത്തെത്തുടര്‍ന്ന് ഉത്തരകൊറിയയ്‌ക്കെതിരെ യു.എന്നില്‍ പ്രമേയം പാസായിരുന്നു.

ഉത്തരകൊറിയയുടെ കൈവശം ആണവമിസൈല്‍ ഉണ്ടെന്നും അവര്‍ ഉടന്‍ അതു പ്രയോഗിച്ചേക്കാമെന്നും അമേരിക്കയുടെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡി.ഐ.എ.) നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു.

എന്നാല്‍, വെളിപ്പെടുത്തല്‍ പുറത്തുവന്നയുടന്‍ അമേരിക്കയും ദക്ഷിണകൊറിയയും ഇത് തള്ളി. യുദ്ധസാധ്യത അശേഷമില്ലെന്ന് ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഭരണപരിചയമില്ലാത്ത ഉത്തരകൊറിയയുടെ യുവനേതാവ് കിം ജോങ് ഉന്‍ സ്വീകരിച്ചേക്കാവുന്ന അപ്രതീക്ഷിത നടപടികളെക്കുറിച്ചാണ് അമേരിക്കയുടെ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയ മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുവെന്ന ആശങ്കകള്‍ക്കിടയിലാണ് ജോണ്‍ കെറിയുടെ ഏഷ്യന്‍ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.

സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ കെറി കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സമാധാന ശ്രമങ്ങള്‍ക്ക് ചൈനയുടെ സഹായം അഭ്യര്‍ത്ഥിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്തരകൊറിയയ്ക്കുമേല്‍ ചൈനയ്ക്കുള്ള സ്വാധീനം മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.

അതേസമയം, അഞ്ചിലേറെ മധ്യദൂര മിസൈലുകള്‍ ഉത്തരകൊറിയ തങ്ങളുടെ കിഴക്കന്‍ തീരത്ത് വിന്യസിച്ചിട്ടുണ്ട്. 3,500 കി.മീ. റേഞ്ചുള്ള ഒരു മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയാറെടുക്കുകയാണെന്നും വാഷിങ്ടണിലെയും സോളിലെയും പ്രതിരോധവൃത്തങ്ങള്‍ സംശയിക്കുന്നുണ്ട്.