World News
ചൈനക്കും ഇറാനും റഷ്യക്കും വഴിയൊരുക്കിക്കൊണ്ട് മിഡില്‍ ഈസ്റ്റില്‍ നിന്നും അമേരിക്ക തിരിഞ്ഞുനടക്കില്ല: ജോ ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 16, 03:54 pm
Saturday, 16th July 2022, 9:24 pm

റിയാദ്: മിഡില്‍ ഈസ്റ്റില്‍ നിന്നും ഒരിക്കലും അമേരിക്ക പിന്തിരിഞ്ഞ് നടക്കില്ലെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ചൈനക്കും ഇറാനും റഷ്യക്കും ഇവിടെ വഴിയൊരുക്കിക്കൊണ്ട്, അതിന് വേണ്ടി ശൂന്യത സൃഷ്ടിച്ചുകൊണ്ട് ഒരിക്കലും മിഡില്‍ ഈസ്റ്റില്‍ നിന്നും പിന്മാറില്ലെന്നാണ് ബൈഡന്‍ പറഞ്ഞത്.

സൗദി അറേബ്യയിലെ ജിദ്ദയില്‍ നേതാക്കള്‍ക്കൊപ്പം ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബൈഡന്‍. നാല് ദിവസം നീണ്ടുനില്‍ക്കുന്ന മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയിലെത്തിയതായിരുന്നു അദ്ദേഹം.

”ചൈനക്കോ റഷ്യക്കോ ഇറാനോ നികത്താന്‍ പാകത്തില്‍ ഞങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ ഒരു ശൂന്യത അവശേഷിപ്പിക്കില്ല,” ബൈഡന്‍ പറഞ്ഞു.

മിഡില്‍ ഈസ്റ്റിന്റെ ആക്ടീവ് പാര്‍ട്ണറായി യു.എസ് തുടരും, പ്രാദേശിക ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.

ഇറാന് ആണവായുധം ലഭിക്കാതിരിക്കുന്നത് ഉറപ്പാക്കേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്തമാണെന്നും ഉച്ചകോടിയില്‍ വെച്ച് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

സൗദിക്ക് പുറമെ യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ ജി.സി.സി രാജ്യങ്ങളുടെയും ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ് എന്നീ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെയും തലവന്മാര്‍ ജിദ്ദ സെക്യൂരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

നേരത്തെ സൗദിയിലെത്തുന്നതിന് മുമ്പായി ബൈഡന്‍ ഇസ്രഈലും വെസ്റ്റ് ബാങ്കും സന്ദര്‍ശിച്ചിരുന്നു. ഇസ്രഈല്‍ സന്ദര്‍ശനത്തിന് ശേഷം, സൗദിയിലേക്ക് പോകുന്നതിന് മുമ്പായാണ് ബൈഡന്‍ വെസ്റ്റ് ബാങ്കിലെത്തിയത്.

ബൈഡന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി, ഫലസ്തീനികള്‍ക്ക് വേണ്ടി, 316 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക- സാങ്കേതിക സഹായ പദ്ധതി യു.എസ് പ്രഖ്യാപിച്ചിരുന്നു.

ഇസ്രഈലില്‍ പ്രധാനമന്ത്രി യായ്ര് ലാപിഡുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും സംയുക്തമായി ഇറാന്‍ വിരുദ്ധ ആണവ പ്രസ്താവനയില്‍ ഒപ്പുവെച്ചിരുന്നു. ഇറാന്റെ ആണവകരാറിനും പദ്ധതികള്‍ക്കും എതിരായാണ് പ്രസ്താവന.

ജൂലൈ 13 മുതല്‍ 16 വരെ നീണ്ടുനില്‍ക്കുന്ന ബൈഡന്റ സൗദി അറേബ്യ, ഇസ്രഈല്‍ സന്ദര്‍ശനം ശനിയാഴ്ച അവസാനിക്കും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു സന്ദര്‍ശനം.

പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്.

Content Highlight: Joe Biden says at Saudi summit that US will not walk away from the Middle East and leave a vacuum to be filled by Russia, China or Iran