ഇന്ത്യ-യു.എസ് ബന്ധം: നിലപാട് വ്യക്തമാക്കി അമേരിക്ക
World News
ഇന്ത്യ-യു.എസ് ബന്ധം: നിലപാട് വ്യക്തമാക്കി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th January 2021, 3:30 pm

വാഷിംഗ്ടണ്‍: ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധം പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് മെച്ചപ്പെടുമെന്ന് വ്യക്തമാക്കി പെന്റഗണ്‍. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ-യു.എസ് ബന്ധം മെച്ചപ്പെടുമെന്ന് പെന്റഗണ്‍ അറിയിച്ചത്.

” ഞങ്ങള്‍ ഇന്ത്യയുമായി പ്രതിബദ്ധതയുള്ള ഒരു ബന്ധം കെട്ടിപ്പടുക്കും,” പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.

അവര്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്തുവെന്ന് ജോണ്‍ കിര്‍ബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെന്റഗണിന് നേതൃത്വം നല്‍കുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കനാണ് ലോയ്ഡ് ഓസ്റ്റിന്‍.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷങ്ങളില്‍ ശക്തിപ്പെട്ടിരുന്നു. അേേമരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളികളില്‍ ഒന്നായി ട്രംപിന്റെ കാലത്ത് ഇന്ത്യയെ അംഗീകരിച്ചിരുന്നു.

2003ല്‍ ബാഗ്ദാദില്‍ അമേരിക്കന്‍ ട്രൂപ്പുകളെ നയിച്ചത് ജനറല്‍ ലോയ്ഡ് ഓസ്റ്റിനായിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ നിരവധി സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ലോയ്ഡ് ഓസ്റ്റിനായിരുന്നു.

ബൈഡന്‍ അധികാരത്തിലെത്തിയതിന് ശേഷം മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് സ്വീകരിച്ചിരുന്ന നയങ്ങളില്‍ വലിയ മാറ്റം വരുത്തിയിരുന്നു. ആദ്യദിനം തന്നെ ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ബൈഡന്‍ ഒപ്പിട്ടു. വിസ നിയമങ്ങളിലും അഭയാര്‍ത്ഥി പ്രശ്‌നത്തിലും കൂടുതല്‍ ഉദാരമായ നടപടികളും ബൈഡന്‍ സ്വീകരിച്ചിരുന്നു.

പ്രതിരോധ വിഷയങ്ങള്‍ക്കപ്പുറത്ത് ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബൈഡന്‍ മുന്നോട്ടു വരുമോ എന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Joe Biden administration committed to strong US-India bilateral relationship: Pentagon