Big Buy
തൊഴിലവസരങ്ങളുമായി കിന്‍ഫ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jun 16, 07:48 am
Monday, 16th June 2014, 1:18 pm

[]പാലക്കാട്:വമ്പന്‍ തൊഴിലവസരങ്ങളൊരുക്കി കാത്തിരിക്കുകയാണ് പാലക്കാട്ടെ കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്ക്. പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ 5,500 പേര്‍ക്ക് നേരിട്ടും 15,000 പേര്‍ക്ക് പരോക്ഷമായും ഇവിടെ തൊഴിലവസരമൊരുങ്ങും.

387 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പാര്‍ക്കില്‍ ഈ വര്‍ഷം 39 വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങും.

കിറ്റെക്‌സ് ഉള്‍പ്പടെയുള്ള 14 യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങി. 25 യൂണിറ്റുകളുടെ കെട്ടിടനിര്‍മാണവും ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. അഞ്ചുമാസത്തിനകം ഇവയും ഉത്പാദനം തുടങ്ങും.

കിന്‍ഫ്രയുടെ തന്നെ കെട്ടിടത്തില്‍ 1.26 ലക്ഷം ചതുരശ്ര അടിയിലാണ് കിറ്റെക്‌സിന്റെ പ്രവര്‍ത്തനം. ഇവിടെ മാത്രം 2500 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് കിന്‍ഫ്ര അധികൃതര്‍ പറയുന്നു. നിലവില്‍ 200 ഓളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മറ്റു 13 യൂണിറ്റുകളിലായി 600 പേരും തൊഴിലെടുക്കുന്നു.

വസ്ത്ര നിര്‍മ്മാണ യൂണിറ്റുകളാണ് ഉത്പാദനം തുടങ്ങിയവയിലേറെയും. ഭക്ഷ്യസംസ്‌കരണം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങി നിരവധി യൂണിറ്റുകളും കിന്‍ഫ്രയുടെ കീഴില്‍ വ്യവസായം തുടങ്ങിയിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങള്‍ക്കൊപ്പം 22 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടിപ്പാടത്തിനും പാര്‍ക്കില്‍ സ്ഥലം നീക്കിവെച്ചിരിക്കുന്നു.

സാങ്കേതികാനുമതി ലഭ്യമാവുന്നതോടെ കിന്‍ഫ്രയില്‍ നിന്ന് വൈദ്യുതി ഉത്പാദനവും തുടങ്ങും.വ്യവസായ യൂണിറ്റുകള്‍ക്കായുള്ള 125 ഏക്കറില്‍ 85 സ്ഥാപനങ്ങള്‍ക്കായി നൂറ് ഏക്കറാണ് ഇതുവരെ അനുവദിച്ചത്. ബാക്കി 25 ഏക്കറില്‍ വ്യവസായം തുടങ്ങാനായി 45 അപേക്ഷകള്‍ കിന്‍ഫ്രയുടെ പരിഗണനയിലുണ്ട്.

ഇന്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്ന പേരില്‍ 25 കോടി മുതല്‍മുടക്കില്‍ 2008ലാണ് കിന്‍ഫ്ര പാര്‍ക്കിന്റെ നിര്‍മ്മാണം തുടങ്ങിയത്. 165 ഏക്കറില്‍ 125 ഏക്കറും വ്യവസായ യൂണിറ്റുകള്‍ക്കായാണ് നീക്കിവെച്ചിട്ടുള്ളത്. തുണി, റെഡിമെയ്ഡ്, പൊതുവിഭാഗം എന്നിങ്ങനെയാണ് വ്യവസായ യൂണിറ്റുകളെ തിരിച്ചിട്ടുള്ളത്.