Advertisement
World News
സിറിയയില്‍ സുരക്ഷാ സേനയും അസദ് അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടല്‍; 70 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 07, 05:36 pm
Friday, 7th March 2025, 11:06 pm

ഡമസ്‌കസ്: സിറിയയിലെ വിമത സര്‍ക്കാരിന്റെ സുരക്ഷാ സേനയും മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 70 മരണം, 12ലധികം പേര്‍ക്ക് പരിക്കേറ്റു. അസദ് സര്‍ക്കാരിന്റെ പതനത്തിനു ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലുകളില്‍ ഒന്നാണിത്.

സിറിയയിലെ മെഡിറ്ററേനിയന്‍ തീരത്തെ അസദിന്റെ ദീര്‍ഘകാല ശക്തികേന്ദ്രങ്ങളായ ലതാകിയ, ടാര്‍ട്ടസ് പ്രവിശ്യകളിലാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലതാകിയയിലെത്തിയ അസദ് അനുയായികള്‍ 16 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചിരുന്നു.

ഡിസംബറില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഇതാദ്യമായാണ് വ്യാപകമായ ആക്രമങ്ങള്‍ നടക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സേന പിന്മാറണമെന്നാവശ്യപ്പെട്ട് ലതാകിയ, ടാര്‍ട്ടസ് നഗരങ്ങളില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി.

അസദിന്റെ അനുയായികള്‍ വിവിധ പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും മേലുള്ള  അധികാരം വീണ്ടെടുക്കാന്‍ ശ്രമിച്ചതിനാല്‍, പുതിയ സര്‍ക്കാര്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

സുന്നി മുസ്‌ലിം നേതൃത്വത്തിലുള്ള പുതിയ ഗവണ്‍മെന്റ് അധികാരം ഏറ്റെടുത്തെങ്കിലും അസദ് കുടുംബം ഉള്‍പ്പെടുന്ന സിറിയയിലെ അലവൈറ്റ് ന്യൂനപക്ഷത്തിന്റെ ഹൃദയഭൂമിയായ തീരദേശ പ്രവിശ്യകള്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.

രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം മാത്രമുള്ള അലവൈറ്റുകള്‍, അസദ് കുടുംബത്തിന്റെ 50 വര്‍ഷത്തിലേറെ നീണ്ട ഭരണകാലത്ത് രാജ്യത്ത് ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. ഷിയ ഇസ്‌ലാമിന്റെ ഒരു ശാഖയായ അലവൈറ്റുകള്‍, അസദ് സര്‍ക്കാരിന്റെ കീഴില്‍ ഭരണത്തിലും സൈന്യത്തിലും ഉന്നത റാങ്കുകളിലും പ്രവര്‍ത്തിച്ചിരുന്നു.

അസദിന്റെ സുരക്ഷാ സേനയിലെ എല്ലാ അംഗങ്ങളോടും മുന്‍ സര്‍ക്കാരുമായുള്ള ബന്ധം ഉപേക്ഷിക്കാനും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആയുധങ്ങള്‍ സമര്‍പ്പിക്കാനും പുതിയ സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ആയുധം സമര്‍പ്പിച്ചെങ്കിലും അസദ് സര്‍ക്കാരിന്റെ സുരക്ഷാ സേനയിലെ ചിലരുടെ കൈയില്‍ ഇപ്പോഴും ആയുധ ശേഖരമുണ്ട്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലതാകിയയിലും ടാര്‍ട്ടസിലും വെച്ച് സുരക്ഷാ സേനയ്ക്ക് നേരെ അസദ് അനുയായികളില്‍ നിന്ന് ആക്രമണം ഉണ്ടാവുന്നുണ്ട്. വ്യാഴാഴ്ച രാത്രിയോട് ഈ ഏറ്റുമുട്ടല്‍ രൂക്ഷമാവുകയായിരുന്നു.

Content Highlight: Clashes between security forces and Assad supporters in Syria; 70 dead