Advertisement
Sports News
അതെല്ലാം കഴിഞ്ഞുപോയ ചരിത്രമാണ്, മുന്നില്‍ പുതിയ വെല്ലുവിളികളുണ്ട്; ഫൈനലിന് മുമ്പ് രോഹിത് ശര്‍മയെക്കുറിച്ച് ഗൗതം ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 07, 03:56 pm
Friday, 7th March 2025, 9:26 pm

2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. മാര്‍ച്ച് 9ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യ ന്യൂസിലാന്‍ഡിനെയാണ് നേരിടുന്നത്. ആദ്യ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചപ്പോള്‍ രണ്ടാം സെമിയില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡും മെഗാ ഇവന്റില്‍ പ്രവേശിക്കുകയായിരുന്നു.

രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന്റെ ആദ്യത്തെ ഐ.സി.സി ടൂര്‍ണമെന്റിന്റെ ഫൈനലാണിത്. 2013ലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയത്.

എന്നാല്‍ 2017ല്‍ പാകിസ്ഥാനെതിരെയുള്ള ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ കിരീടം കൈവിട്ട് പോകുകയായിരുന്നു. എന്നാല്‍ 2025ല്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് സംസാരിക്കുകയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍. രോഹിത് ഒരു മികച്ച വ്യക്തിയാണെന്നും അത്തരത്തിലുള്ള ഒരാള്‍ക്കെ മികച്ച ക്യാപ്റ്റനാകാന്‍ സാധിക്കുകയെന്നുമാണ് ഗംഭീര്‍ പറഞ്ഞത്. മാത്രമല്ല ഇനി ഇന്ത്യയുടെ മുന്നില്‍ വലിയ വെല്ലുവിളിയുണ്ടെന്നും ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത്തിന് മികച്ച പ്രകടം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും ഗംഭീര്‍ വിശ്വസിക്കുന്നു.

‘രോഹിത് ഒരു ക്യാപ്റ്റനാണെന്ന് മറക്കൂ. എനിക്ക് അവനുമായി അതിശയകരമായ ഒരു ബന്ധമുണ്ട്. അവന്‍ ഒരു മികച്ച വ്യക്തിയാണ്, അതാണ് പ്രധാനപ്പെട്ട കാര്യം. നിങ്ങള്‍ ഒരു നല്ല മനുഷ്യനാകുമ്പോള്‍, നിങ്ങള്‍ ഒരു നല്ല നേതാവായി മാറുന്നു. അതുകൊണ്ടാണ് അദ്ദേഹം തന്റെ ഐ.പി.എല്‍ ഫ്രാഞ്ചൈസിയില്‍ ധാരാളം നേട്ടങ്ങള്‍ കൈവരിച്ചതും ടി-20 ലോകകപ്പ് നേടിയതും.

പക്ഷേ, അതൊക്കെ ചരിത്രമാണ്, അതൊക്കെ കഴിഞ്ഞുപോയി. ഇനി നമുക്ക് മുന്നില്‍ ഒരു പുതിയ വെല്ലുവിളിയുണ്ട്. ബാറ്റിങ്ങില്‍ മാത്രമല്ല, ഒരു നേതാവെന്ന നിലയിലും അദ്ദേഹത്തിന് തന്റെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗംഭീര്‍ ഐ.സി.സിയിലെ ഒരു വീഡിയോയില്‍ പറഞ്ഞു.

Content Highlight: Champions Trophy: Gautham Gambhir Talking About Rohit Sharma