Advertisement
Sports News
ഷമി ഒരു മത്സരത്തിന്റെ ഭാഗമാണ്. സ്വാഭാവികമായും അദ്ദേഹത്തിനു ദാഹിക്കും; പിന്തുണയുമായി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 07, 04:40 pm
Friday, 7th March 2025, 10:10 pm

ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിനിടെ എനര്‍ജി ഡ്രിങ്ക് കുടിച്ച ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് ഷമി വലിയ സൈബര്‍ അറ്റാക്കിന് വിധേയനായിരുന്നു. താരത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഷമി ഇസ്‌ലാം മതവിശ്വാസപ്രകാരമുള്ള റമദാന്‍ വ്രതം അനുഷ്ഠിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം ശക്തമായത്.

ഇപ്പോള്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് സംസാരിക്കുകയാണ് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഷമി യാത്രയുടെ ഭാഗമായതിനാല്‍ അദ്ദേഹം ഭക്ഷണം ഉപേക്ഷിക്കേണ്ടതില്ലെന്നാണ് ഷമ മുഹമ്മദ് പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു ഷമ.

‘നമ്മള്‍ യാത്രയിലായിരിക്കുമ്പോള്‍ ഭക്ഷണം ഉപേക്ഷിക്കേണ്ട കാര്യമില്ല. മുഹമ്മദ് ഷമി ഇവിടെ യാത്രയുടെ ഭാഗമാണ്, അദ്ദേഹം സ്വന്തം സ്ഥലത്തല്ല ഉള്ളത്. ഷമി ഒരു മത്സരത്തിന്റെ ഭാഗമാണ്. സ്വാഭാവികമായും അദ്ദേഹത്തിനു ദാഹിക്കും. ഒരു കായിക മത്സരത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. അവിടെ നമ്മുടെ കര്‍മമാണ് ഏറ്റവും പ്രധാനം,’ ഷമ മുഹമ്മദ് പറഞ്ഞു.

അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തടി കൂടുതലാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഷമ വിമര്‍ശിച്ചിരുന്നു. സംഭവം വിവാദമായതോടെ ഷമ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ നീക്കം ചെയ്യുകയായിരുന്നു.

ടൂര്‍ണമെന്റിലെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് ഷമി ഇതുവരെ നേടിയത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലില്‍ 10 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

അതേസമയം 2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. മാര്‍ച്ച് 9ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യ ന്യൂസിലാന്‍ഡിനെയാണ് നേരിടുന്നത്. ആദ്യ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചപ്പോള്‍ രണ്ടാം സെമിയില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡും മെഗാ ഇവന്റില്‍ പ്രവേശിക്കുകയായിരുന്നു.

Content Highlight: Shama Mohammed Talking About Mohammad Shami