ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ജനുവരി 5ന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നേരെയുമുണ്ടായ അക്രമത്തില്‍ പുറത്തു നിന്നുള്ളവരും ഉണ്ടായിരുന്നെന്ന് വൈസ് ചാന്‍സലര്‍ എം. ജഗദേഷ് കുമാര്‍.
അക്രമത്തില്‍ പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷും ഇടതുപക്ഷത്തുള്ളവരും ചേര്‍ന്നാണ് ജെ.എന്‍.യുവില്‍ അക്രമമഴിച്ചുവിട്ടതെന്ന് ദല്‍ഹി പൊലീസ് പറഞ്ഞതിന് ശേഷമാണ് വി.സിയുടെ പ്രതികരണം.
‘ഇവിടെ നിയമാനുസൃതമല്ലാതെ കുറെ കുട്ടികള്‍ ഹോസ്റ്റലുകളില്‍ താമസിക്കുന്നുണ്ട്. അവര്‍ പുറത്തുനിന്നുള്ളവരാണ്. അവരാകും അക്രമത്തിന് നേതൃത്വം നല്‍കിയത്. കാരണം അവര്‍ക്ക് സര്‍വകലാശാലയെക്കുറിച്ച് ഒന്നും ചിന്തിക്കാനില്ല,’ ജഗദേഷ് കുമാര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ആക്ടിവിസ്റ്റുകളായ ചില വിദ്യാര്‍ത്ഥികള്‍ കാണിച്ച് അക്രമം കാരണം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പലരും ഹോസ്റ്റല്‍ വിട്ടു പോയി. നിരപരാധികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ ക്യാംപസില്‍ സെക്യൂരിറ്റി ഉറപ്പു വരുത്തി വരികയാണ്,’ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെ വി.സി പറഞ്ഞു.
അയ്ഷി ഘോഷ്, ചുന്‍ചുന്‍ കുമാര്‍, പങ്കജ് മിശ്ര, വസ്‌കര്‍ വിജയ് മെക്ക്, സുചേത തലുക്ദാര്‍, പ്രിയാ രഞ്ചന്‍, വികാസ് പട്ടേല്‍, യോഗേന്ദ്ര ഭരദ്വാജ്, ദോലന്‍ സാമാന്ത എന്നിവരെയാണ് ദല്‍ഹി പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.
അധികവും മൊബൈല്‍ ഫോണില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചാണ് പൊലീസ് പേരുകള്‍ പുറത്തുവിട്ടത്.
ഞായറാഴ്ച നടന്ന അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ എ.ബി.വി.പിയാണ് എന്ന ആരോപണം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ഉണ്ടാക്കിയ കഥയാണിതെന്നാണ് പൊലീസ് ഭാഷ്യം. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ഐസ, ഡി.എസ്.എഫ് തുടങ്ങിയ ഇടതു വിദ്യാര്‍ത്ഥി സംഘടനകളാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ വിഭാഗം തലവന്‍ ജോയ് ടിര്‍ക്കേയ് പറഞ്ഞത്.
കേസിന് പുതിയ മാനം നല്‍കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സതീഷ് ചന്ദ്ര യാദവ് പറഞ്ഞു. പൊലീസ് എവിടെയും എ.ബി.വി.പി എന്ന് പറയുകപോലും ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയപരമായാണ് അന്വേഷണം നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.