ശ്രീനഗര്‍: ഒരാഴ്ച മുന്‍പ് സൈന്യം കരുതല്‍ തടങ്കലിലാക്കിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും എവിടെയെന്നു പറയാന്‍ വിസമ്മതിച്ച് സംസ്ഥാന ഭരണകൂടം. ഇന്നലെ ശ്രീനഗറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി.
സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍, ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി എം.കെ ദിവേദി, ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സയ്യിദ് ആബിദ് റഷീദ് ഷാ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
ഒരാഴ്ച മുന്‍പ് ഉമര്‍, മെഹ്ബൂബ, സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെ ആദ്യം വീട്ടുതടങ്കലിലാക്കിയ സൈന്യം, പിന്നീട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടി വന്നശേഷം കരുതല്‍ തടങ്കലിലാക്കുകയായിരുന്നു.
രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ അഭിഭാഷകരെയും സാമൂഹ്യപ്രവര്‍ത്തകരെയും തടവില്‍ വെച്ചിട്ടുണ്ട്.