തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയെ കേട്ടാല്‍ അറയ്ക്കുന്ന തെറി പൊലീസുകാര്‍ വിളിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ചാനലിലെ “എന്റെ ചോര തിളയ്ക്കുന്നു” എന്ന പരിപാടിയിലാണ് ശ്രീജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. മഹിജ തന്റെ പെങ്ങളാണെന്നും അവരെ തെറി വിളിക്കരുതെന്നും പറഞ്ഞപ്പോള്‍ തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും കഴുത്തില്‍ പിടിച്ച് ഞെരിച്ചതിനാല്‍ ഇപ്പോള്‍ തനിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസാരിക്കുന്നതില്‍ അദ്ദേഹത്തിനുള്ള ബുദ്ധിമുട്ട് പരിപാടിയില്‍ വ്യക്തമായി കാണാമായിരുന്നു. ഇത് കൂടാതെ ഇന്നല നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മറ്റ് പല വെളിപ്പെടുത്തലുകളും ശ്രീജിത്ത് നടത്തി.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. അദ്ദേഹത്തെ ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്ന് തങ്ങള്‍ക്കറിയില്ല. ഡി.ജി.പിയുടെ ഓഫീസിനു മുന്നില്‍ സമരം പാടില്ല എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് എം.എ ബേബിയുടെ നിലപാടാണ്. പൊലീസ് സ്റ്റേഷനുകളില്‍ സമരമാകാമെങ്കില്‍ ഡി.ജി.പി ഓഫീസിനു മുന്നിലും സമരമാകാം. പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച ഡി.ജി.പിയുടെ ഓഫീസിന് മുന്നില്‍ സമരം ചെയ്യാമെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന് നീതി ലഭ്യമാക്കാനായി നടത്തുന്ന സമരത്തില്‍ ഒരാളുടേയും പങ്കാളിത്തം ആഗ്രഹിക്കുന്നില്ല. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. എന്നാല്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോക്ക് സ്വാമിയെ എത്തിച്ചത് പൊലീസ് തന്നെ
തോക്ക് സ്വാമിയെ എത്തിച്ചത് പൊലീസാണെന്ന ഗുരുതരമായ ആരോപണവും ശ്രീജിത്ത് ഉന്നയിച്ചു. തങ്ങള്‍ ഡി.ജി.പി ഓഫീസിലേക്ക് എത്തുമെന്ന് അറിയിച്ച അതേ സമയത്ത് തന്നെ ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്താന്‍ തോക്ക് സ്വാമിയെ വിളിച്ചു. “ഇന്ത്യയും തീവ്രവാദവും” എന്ന വിഷയത്തില്‍ ഡി.ജി.പിയുമായി ചര്‍ച്ച നടത്താനാണ് തോക്ക് സ്വാമി എത്തിയത്.
കെ.എം ഷാജഹാനെ അറിയില്ല. അദ്ദേഹവുമായി ജീവിതത്തില്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇന്നലെ മംഗളം ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം ഡി.ജി.പി ഓഫീസിന് മുന്നിലൂടെ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു ഷാജഹാന്‍. അദ്ദേഹത്തിന്റെ സുഹൃത്തായ ഷാജിര്‍ഖാനെ പൊലീസ് പിടിച്ച് വണ്ടിയില്‍ കയറ്റി കൊണ്ട് പോകുന്നത് കണ്ടപ്പോഴാണ് അദ്ദേഹം അങ്ങോട്ട് വന്നത്. അപ്പോഴാണ് അദ്ദേഹത്തെയും പൊലീസ് പിടിച്ചുകൊണ്ടുപോയത്. ഇക്കാര്യങ്ങളെല്ലാം ഇന്ന് അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ക്ക് മനസിലായത്. തങ്ങളല്ല ഇതൊന്നും അന്വേഷിക്കേണ്ടിയിരുന്നത്. -ശ്രീജിത്ത് പറഞ്ഞു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ തങ്ങള്‍ക്ക് ഇനി വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.