മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അന്യഭാഷാ നടനാണ് അല്ലു അര്‍ജുന്‍. 2004ല്‍ ഇറങ്ങിയ ആര്യ മുതല്‍ക്ക് ഇങ്ങോട്ട് അല്ലു നായകനായ എല്ലാ ചിത്രങ്ങളും മലയാളത്തില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ആര്യ മുതല്‍ എല്ലാ ചിത്രത്തിലും അല്ലുവിന് ശബ്ദം നല്‍കിയത് സംവിധായകനായ ജിസ് ജോയ് ആയിരുന്നു.
അല്ലു അര്‍ജുന്‍ നായകനായി അവസാനമെത്തിയ പുഷ്പ 2 എന്ന സിനിമക്കും ഡബ്ബ് ചെയ്തത് ജിസ് തന്നെയാണ്. പല മലയാളികള്‍ക്കും അല്ലുവിന്റെ യഥാര്‍ത്ഥ ശബ്ദത്തിനേക്കാള്‍ ഇഷ്ടം ജിസ് ജോയ്‌യുടെ ശബ്ദമാണ്.
ആ കാരണത്താല്‍ താന്‍ ഒരു മലയാള സിനിമക്ക് ഡബ്ബ് ചെയ്യാനായി ലഭിച്ച അവസരം വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് പറയുകയാണ് ജിസ് ജോയ്. ആര്‍.ജെ. ഷാന്‍ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന സുരേഷ് ഗോപി ചിത്രത്തെ കുറിച്ചാണ് ജിസ് സംസാരിച്ചത്.
എങ്ങനെയൊക്കെ ഡബ്ബ് ചെയ്താലും ഇത് അല്ലു അര്‍ജുനിലേക്ക് പോകുമെന്നും അതുകൊണ്ട് പാപ്പനിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ വേണ്ടി വിളിച്ചപ്പോള്‍ അതില്‍ അസൗകര്യം പറഞ്ഞെന്നും ജിസ് പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നെ ഒരിക്കല്‍ ജോഷി സാറിന്റെ പടത്തിലേക്ക് വിളിച്ചിരുന്നു. അദ്ദേഹം ചെയ്ത് കഴിഞ്ഞ പടത്തിന്റെ മുമ്പത്തെ സിനിമയിലേക്കായിരുന്നു വിളിച്ചത്. ആന്റണിക്ക് മുമ്പുള്ള സിനിമയായിരുന്നു അത്. പൊറിഞ്ചു മറിയം ജോസ് ആണെന്ന് തോന്നുന്നു. അല്ല, ആ സിനിമയല്ല. പാപ്പനിലേക്കായിരുന്നു എന്നെ വിളിച്ചത്.
ആ സിനിമയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ വേണ്ടിയായിരുന്നു വിളിച്ചത്. പക്ഷെ ഞാന്‍ അസൗകര്യം പറഞ്ഞു. എങ്ങനെയൊക്കെ ചെയ്താലും ഇത് അല്ലു അര്‍ജുനിലേക്ക് പോകുമെന്ന് പറഞ്ഞു. പിന്നെ അവര്‍ക്ക് നമ്മളെ വിളിച്ചു പോയതിന്റെ പേരില്‍ ഒഴിവാക്കാനും പറ്റാതെയാകും.
ആദ്യം ഷാന്‍ ഈ സിനിമയുടെ കാര്യം പറയാനായി വിളിച്ചു. പിന്നീട് അസോസിയേറ്റും വിളിച്ചു. അവസാനം ഒരു രക്ഷയും ഇല്ലാതെ വന്നതോടെ ഞാന്‍ ബോംബൈയില്‍ ആണെന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞിട്ടേ വരികയുള്ളൂവെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അവര്‍ക്ക് അപ്പോഴത്തേക്കും ഈ സിനിമ റിലീസ് ചെയ്യണമായിരുന്നു,’ ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy Talks About Joshiy’s Paappan Movie And Allu Arjun