Entertainment news
അമ്പിളിച്ചേട്ടൻ കഴിഞ്ഞാൽ ഏറ്റവുമധികം ഹ്യൂമർ ചെയ്തത് ആ നടൻ: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 24, 05:45 am
Monday, 24th March 2025, 11:15 am

ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമയിലെ സുരാജിൻ്റെ അഭിനയത്തെക്കുറിച്ചും മറ്റ് കഥാപാത്രത്തെങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടൻ ആസിഫ് അലി.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് ചെയ്ത വേഷം മോണോ ആക്ട് പോലെ ആയിപ്പോകുമായിരുന്നുവെന്നും എന്നാൽ സുരാജ് ആ വേഷം വളരെ ഭം​ഗിയായി അവതരിപ്പിച്ചുവെന്നും പറയുകയാണ് ആസിഫ് അലി. ഏറ്റവുമധികം ട്രോളുകൾ വരുന്നത് ദശമൂലം ദാമുവിനെ വെച്ചിട്ടാണെന്നും ജഗതി കഴിഞ്ഞാൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹ്യൂമർ ചെയ്തിട്ടുള്ളത് സുരാജാണെന്നും ആസിഫ് അലി പറയുന്നു.

 

 

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിൽ സുരാജ് ചേട്ടൻ ചെയ്ത വേഷം ഒരു പോയിൻ്റിൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ മോണോ ആക്ട് ആയി പോകാം. ‘അടുത്തതായി സ്റ്റേജിലേക്ക് ഒരു വൃദ്ധൻ വരുന്നു എന്ന് പറയുമ്പോൾ ഉള്ള സാധനം’.

പക്ഷെ നമുക്ക് ഒരിടത്തും ഫീൽ ചെയ്യിക്കാതെ ആ ക്യാരക്ടറിൻ്റെ ത്രൂ ഔട്ട് ഭം​ഗിയായി തന്നെ അഭിനയിച്ചു. ഫോൺ ഉപയോഗിക്കുന്ന രീതി, അയാൾ ആ തോർത്ത് വിരിക്കുന്നത്, കഞ്ഞി കുടിക്കുന്നത് അതെല്ലാം വളരെ കൃത്യമായിട്ട് അദ്ദേഹത്തിന് ആ ക്യാരക്ടറിനെ പിടിക്കാൻ പറ്റിയിട്ടുണ്ട്.

കാര്യം ഇത് തുടങ്ങിയത് ഏറ്റവും മുകളിൽ നിന്നാണ്. നമ്മൾ ഇപ്പോഴും ദശമൂലം ദാമുവിനെ വെച്ചിട്ടാണ് ഏറ്റവും ട്രോളുകൾ വരുന്നത്. ദശമൂലം ദാമുവിൻ്റെ റിയാക്ഷൻ ആണ് വരുന്നത്. അമ്പിളിച്ചേട്ടൻ (ജഗതി) കഴിഞ്ഞാൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹ്യൂമർ സ്വീക്വൻസസ് ചെയ്തത് സുരാജ് ചേട്ടനാണ്.

ഇപ്പോൾ ചിരിയോ ചിരി എന്നൊക്കെ പറഞ്ഞ പരിപാടി നമ്മൾ വെക്കുവാണെങ്കിൽ സുരാജേട്ടൻ്റ കോമഡിയാണ് നമ്മൾ ഏറ്റവും കൂടുതൽ കാണുന്നത്. അപ്പോൾ അത്രയും പവർ കാണിച്ച ഒരാൾക്ക് ക്യാരക്ടേഴ്സ് ചെയ്യാൻ വളരെ ഈസിയാണ്,’ ആസിഫ് അലി പറഞ്ഞു.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സുരാജ് വെഞ്ഞാറമൂട്, സൗബിൻ താഹിർ, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Asif Ali Talking About Suraj Venjaramood