സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ് ജിസ് ജോയ് ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പുഷ്പ 2വിലും അല്ലുവിന് ശബ്ദം കൊടുത്തിരിക്കുന്നത് ജിസ് ജോയ് ആണ്. കരിയറിന്റെ തുടക്കത്തില്‍ നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ ജിസ് ജോയ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ജോഷി സംവിധാനം ചെയ്ത നസ്രാണി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ജിസ് ജോയ്. നസ്രാണിയില്‍ തനിക്ക് ചെറിയൊരു വേഷമായിരുന്നെന്ന് ജിസ് പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുമല്ല, ആര്‍ട്ടിസ്റ്റുമല്ല എന്ന അവസ്ഥയിലായിരുന്നു താനെന്നും അതിനാല്‍ ഒരു മൂലയിലേക്ക് മാറി നിന്നെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.
ആ സമയത്ത് ക്യാപ്റ്റന്‍ രാജു തന്നെ കണ്ടെന്നും കൈകാട്ടി തന്നെ അടുത്തേക്ക് വിളിച്ചെന്നും ജിസ് ജോയ് പറഞ്ഞു. നീ ഡബ്ബിങ് ചെയ്യുന്ന ആളല്ലേ എന്നും എന്തിനാണ് മാറിനില്‍ക്കുന്നതെന്ന് തന്നോട് ചോദിച്ചെന്നും ജിസ് കൂട്ടിച്ചേര്‍ത്തു. എപ്പോഴും മുകളിലെ സ്ഥാനത്ത് എത്താന്‍ നോക്കണമെന്നും മാറി നിന്നാല്‍ അങ്ങനെ നിന്നുപോവുകയേ ഉള്ളൂവെന്ന് പറഞ്ഞ് തന്നെ ഉപദേശിച്ചെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.
പിന്നീട് തന്നെ വിളിച്ചുകൊണ്ടുപോയി കസേരയില്‍ ഇരുത്തിയെന്നും അവിടെ അദ്ദേഹവും മമ്മൂട്ടിയും ജഗതിയും ഉണ്ടായിരുന്നെന്നും ജിസ് ജോയ് പറഞ്ഞു. അന്ന് ക്യാപ്റ്റന്‍ രാജു പറഞ്ഞത് ഇപ്പോഴും തന്റെ മനസിലുണ്ടെന്നും അദ്ദേഹത്തെപ്പോലുള്ള നടന്മാരെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ജിസ് കൂട്ടിച്ചേര്‍ത്തു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.
‘ജോഷി സാറിന്റെ നസ്രാണിയില്‍ എനിക്ക് ചെറിയൊരു വേഷമുണ്ടായിരുന്നു. കോട്ടയത്തായിരുന്നു ഷൂട്ട്. ആ സമയത്ത് ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമല്ല, സാദാ ആര്‍ട്ടിസ്റ്റുമല്ല. അതുകൊണ്ട് ഒരു മൂലയിലോട്ട് മാറി നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ക്യാപ്റ്റന്‍ രാജു ചേട്ടന്‍ എന്നെ കണ്ടു. പുള്ളി എന്നെ കൈകാട്ടി വിളിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.
‘നീ ആ ഡബ്ബിങ്ങൊക്കെ ചെയ്യുന്നയാളല്ലേ, എന്തിനാ മാറി നില്‍ക്കുന്നത്’ എന്ന് അദ്ദേഹം ചോദിച്ചു. മുകളിലെ സ്ഥാനത്ത് എത്തണമെങ്കില്‍ ഒരിക്കലും മാറി നില്‍ക്കരുത്. മാറിനിന്നാല്‍ അതുപോലെ നില്‍ക്കുകയേ ഉള്ളൂ’ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ കസേരയില്‍ കൊണ്ട് ഇരുത്തി. അവിടെ അദ്ദേഹവും മമ്മൂക്കയും ജഗതി ചേട്ടനുമൊക്കെ ഉണ്ടായിരുന്നു. അന്ന് ക്യാപ്റ്റന്‍ രാജു ചേട്ടന്‍ പറഞ്ഞത് ഇന്നും എന്റെ മനസിലുണ്ട്. അദ്ദേഹത്തെപ്പോലുള്ള ആര്‍ട്ടിസ്റ്റുകളെ ഇപ്പോള്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ട്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy shares a memory about Captain Raju during Nasrani movie