IPL
മത്സരത്തിന് മുമ്പ് അത്തരം വീഡിയോകള്‍ കാണും, അഭിഷേക് ഇപ്പോഴുമതിനെ കാര്‍ട്ടൂണ്‍ എന്നാണ് വിളിക്കുന്നത്; തന്റെ ശീലത്തെക്കുറിച്ച് റെഡ്ഡി
സ്പോര്‍ട്സ് ഡെസ്‌ക്
1 day ago
Thursday, 20th March 2025, 9:25 pm

ജാപ്പനീസ് ആനിമേകള്‍ കാണുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്ന് പറയുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരവും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ ഓള്‍-റൗണ്ടറുമായ നിതീഷ് കുമാര്‍ റെഡ്ഡി. മത്സരത്തിന് മുമ്പ് ആനിമേ റീലുകള്‍ കാണുന്നത് തനിക്ക് ഇഷ്ടമാണെന്നും നിതീഷ് കുമാര്‍ റെഡ്ഡി പറഞ്ഞു.

തന്റെ സഹതാരമായ അഭിഷേക് ശര്‍മയെയും തനിക്കൊപ്പം ആനിമേ കാണാന്‍ ക്ഷണിക്കുമെന്നും എന്നാല്‍ അഭിഷേക് ഇപ്പോഴും അതിനെ കാര്‍ട്ടൂണ്‍ എന്നാണ് വിളിക്കുന്നതെന്നും നിതീഷ് കുമാര്‍ റെഡ്ഡി വ്യക്തമാക്കി.

പ്യൂമയ്ക്കായി അര്‍ജുന്‍ പണ്ഡിറ്റ് നടത്തിയ അഭിമുഖത്തിലാണ് ജാപ്പനീസ് ആനിമേകളോടുള്ള തന്റെ ഇഷ്ടം റെഡ്ഡി തുറന്നുപറഞ്ഞത്.

‘ആനിമേകള്‍ കാണുന്നത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഗതിയാണ്. ആനിമേ ക്യാരക്ടേഴ്‌സിന്റെ ചിത്രങ്ങളുള്ള വസ്ത്രങ്ങള്‍ എനിക്കുണ്ട്. അവരുടെ ചില ആക്ഷന്‍ ഫിഗേഴ്‌സും എന്റെ പക്കലുണ്ട്,’ നിതീഷ് കുമാര്‍ പറഞ്ഞു.

View this post on Instagram

A post shared by Nitish (@nitishkumarreddy)

ഏതെങ്കിലും സഹതാരത്തിന് ആനിമേ കാണിച്ചുകൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് –

‘ഇതുവരെയില്ല. അഭിഷേക് ശര്‍മയ്ക്ക് ആനിമേകള്‍ പരിചയപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു. അവന്‍ ഇപ്പോഴും അതിനെ കാര്‍ട്ടൂണ്‍ എന്നാണ് വിളിക്കുന്നത്. ആനിമേകളെ കാര്‍ട്ടൂണ്‍ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അവന്‍ എപ്പോഴും എന്റെയടുക്കല്‍ വന്ന ആനിമേ കാര്‍ട്ടൂണ്‍ ആണെന്ന് പറഞ്ഞുകൊണ്ടിരിക്കും.

ഏതൊരു മത്സരത്തിനിറങ്ങും മുമ്പ് ആനിമേകള്‍ കാണുന്നത് എന്റെ ശീലമാണ്. ഞാന്‍ കുറച്ച് വീഡിയോകളും റീലുകളും സേവ് ചെയ്ത് വെച്ചിട്ടുണ്ട്, അതെല്ലാം ഇരുന്ന് കാണും.

ഈ സമയം അവന്‍ എന്റെ പുറകില്‍ വന്ന് ‘ക്യാ കാര്‍ട്ടൂണ്‍ ദേഖ് രഹാ ഹോ മാച്ച് കേ പഹലേ? (മത്സരത്തിന് മുമ്പ് കാര്‍ട്ടൂണ്‍ കാണുകയാണോ?)’ എന്ന് ചോദിക്കും. അവനോട് ഇത് കാണാന്‍ ഞാന്‍ പറയാറുണ്ട്. എന്നാല്‍ അവന്‍ അനുസരിക്കില്ല,’ എന്നായിരുന്നു നിതീഷിന്റെ മറുപടി.

അതേസമയം, ഐ.പി.എല്ലില്‍ ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് നിതീഷ് കുമാര്‍. സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഹൈദരാബാദ് ആദ്യ മത്സരം കളിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. മാര്‍ച്ച് 23ന് ഷെഡ്യൂള്‍ ചെയ്ത രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതാണ് ഹൈദരാബാദ് – രാജസ്ഥാന്‍ പോരാട്ടം.

ഐ.പി.എല്‍ മെഗാ താരലേലത്തിന് മുമ്പ് സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയ അഞ്ച് താരങ്ങളില്‍ ഒരാളായിരുന്നു നിതീഷ് കുമാര്‍ റെഡ്ഡി. ആറ് കോടി രൂപയ്ക്കാണ് ഓറഞ്ച് ആര്‍മി സൂപ്പര്‍ ഓള്‍ റൗണ്ടറെ ടീമിന്റെ ഭാഗമാക്കിയത്. ഹെന്റിക് ക്ലാസന്‍ (23 കോടി), പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി) എന്നവരാണ് ഹൈദരാബാദ് നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍.

 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാഡ് 2025

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെന്റിക് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചഹര്‍, ആദം സാംപ, അഥര്‍വ തായ്‌ദെ, അഭിനവ് മനോഹര്‍, സിമര്‍ജീത് സിങ്, സീഷന്‍ അന്‍സാരി, ജയ്‌ദേവ് ഉനദ്കട്, കാമിന്ദു മെന്‍ഡിസ്, അനികേത് വര്‍മ, ഇഷാന്‍ മലിംഗ, സച്ചിന്‍ ബേബി, വിയാന്‍ മുള്‍ഡര്‍.

 

Content Highlight: IPL 2025: Nitish Kumar Reddy about anime and Abhishek Sharma