Entertainment news
ആ ദുല്‍ഖര്‍ ചിത്രത്തിലെ സ്‌കോറിങ്ങാണ് എന്റെ ഏറ്റവും മോശം വര്‍ക്കെന്ന് പറഞ്ഞവരുണ്ട്: ജേക്‌സ് ബിജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 20, 02:39 pm
Thursday, 20th March 2025, 8:09 pm

2014 ല്‍ പുറത്തിറങ്ങിയ ‘എയ്ഞ്ചല്‍സ്’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ച് മലയാള സിനിമക്ക് വ്യത്യസ്ത ഗാനങ്ങളും മികച്ച സ്‌കോറിങ്ങുകളും നല്‍കിയ സംഗീത സംവിധായകനാണ് ജേക്‌സ് ബിജോയ്. രണം, കിങ് ഓഫ് കൊത്ത, കടുവ, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ സംഗീതം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടാക്‌സിവാല എന്ന ചിത്രത്തിലൂടെ തെലുങ്കിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു.
ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്.

തന്റെ ബെസ്റ്റ് വര്‍ക്കുകളായാണ് സല്യൂട്ടിനെ കാണുന്നതെന്നും സല്യൂട്ട് എന്ന ചിത്രത്തിലെ സ്‌കോര്‍ തന്റെ ഏറ്റവും മോശപ്പെട്ട സ്‌കോറിങ് ആണെന്ന് പറഞ്ഞവരുണ്ടെന്നും എന്നാല്‍ തനിക്ക് വളരെ ഇഷ്ടപെട്ട വര്‍ക്ക് ആണ് സല്യൂട്ട് എന്നും ജേക്‌സ് ബിജോയ് പറയുന്നു.

പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് ആരാധകര്‍ക്ക് കഥക്കനുസരിച്ചുള്ള സ്‌കോറിങ് അല്ലാ വേണ്ടതെന്നും അദ്ദേഹം പറയുന്നു.

‘ഇരട്ട, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ എന്റെ സ്‌കോര്‍ എനിക്ക് വളരെ ഇഷ്ടമാണ്. വളരെ സര്‍ട്ടില്‍ ആയ മൂഡിയായ സ്‌കോറിങ് ആണ്. ഈ സിനിമകളിലെ സ്‌കോറിങ് ചിലപ്പോള്‍ നിങ്ങള്‍ നോട്ടീസ് ചെയ്തിട്ടുണ്ടാകില്ല. പക്ഷേ എനിക്ക് അത് എന്റെ ബെസ്റ്റ് വര്‍ക്കുകള്‍ ആയിട്ടാണ് തോന്നിയത്.

സല്യൂട്ട് എന്ന സിനിമ എനിക്ക് ഒരുപാട് ബാക്ക് ലാഷ് വന്നതാണ്. കാരണം ഫാന്‍സ് നോക്കുമ്പോള്‍ എനിക്ക് എലവേഷന്‍ ഇല്ല. എന്നെ വിളിച്ചും ഇന്‍സ്റ്റഗ്രാമിലും മറ്റുമൊക്കെയായി ജെക്‌സിന്റ ഏറ്റവും മോശം സ്‌കോര്‍ ഉള്ള സിനിമയാണ് സല്യൂട്ട് എന്നൊക്കെ പറഞ്ഞിട്ടുണ്ട്.

അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത് ഓഡിയന്‍സിന്, പ്രത്യേകിച്ച് ഫാന്‍സിന് വേണ്ടത് ഹീറോയെ ഒരു കാരണവശാലും ലോ ആയി കാണിക്കരുത്. കഥക്കനുസരിച്ചല്ല അവര്‍ക്ക് സ്‌കോര്‍ വേണ്ടത്. ഹീറോ ബൈക്കില്‍ വരുന്നുണ്ടങ്കില്‍ യു ഹാവ് ടു പമ്പ് ഇറ്റ്. കാരണം നമ്മള്‍ കഥക്കനുസരിച്ച് പോയി അത് പെര്‍ഫക്റ്റ് ആയിട്ട് ചെയ്യുമ്പോള്‍, ദേ ആര്‍ നോട്ട് ഗെറ്റിങ് ഇറ്റ്.

അവര് നോക്കുമ്പോള്‍ അവരുടെ ഹീറോ വരുന്നു ഒന്നും ചെയ്യുന്നില്ല. പക്ഷേ ഞാന്‍ സ്റ്റോറിയോടൊപ്പമാണ് ട്രാവല്‍ ചെയ്യുന്നത്. അതാണ് എറ്റവും പ്രധാനപ്പെട്ടത്. അവിടെയാണ് ആ മിസ്മാച്ച്. ഒരു വലിയ നടന്‍ കണ്ടെന്റ് സിനിമ ചെയ്യുമ്പോള്‍ ഉള്ള പ്രശ്‌നമതാണ്. എന്റെ അഭിപ്രായത്തില്‍ സല്യൂട്ട് ഒരു മാസ്റ്റര്‍പീസാണ്. എല്ലാ തരത്തിലും,’ ജേക്‌സ് ബിജോയ് പറയുന്നു.

Content Highlight: Jakes Bejoy Talks About Dulquer Salmaan’s Salute Movie