ടെല്‍ അവീവ്: ഗസയില്‍ ഇസ്രഈല്‍ വംശഹത്യ പുനരാരംഭിച്ചതില്‍ തിരിച്ചടിച്ച് ഫലസ്തീന് സായുധ സംഘടനയായ ഹമാസ്.
ഗസയിലെ സാധാരണ പൗരന്മാര്‍ക്കെതിരായ സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിനുള്ള പ്രതികാരമായാണ് പ്രത്യാക്രമണം നടത്തിയതെന്ന് ഹമാസ് പ്രതിനിധികള്‍ അറിയിച്ചു.
തെക്കന്‍ ഗസയില്‍ നിന്ന് ഇസ്രഈലിലേക്ക് മൂന്ന് പ്രൊജക്ടൈലുകള്‍ പതിച്ചതായി ഇസ്രഈല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരു പ്രൊജക്ടൈല്‍ വ്യോമസേന തടഞ്ഞതായും മറ്റ് രണ്ട് പ്രൊജക്ടൈലുകള്‍ തുറസായ സ്ഥലത്ത് പതിച്ചതായും സൈന്യം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസാം ബ്രിഗേഡാണ് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചത്. ഈ ആഴ്ച ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ‘M90 റോക്കറ്റുകളുടെ ഒരു ബാരല്‍ ഉപയോഗിച്ച് ടെല്‍ അവീവ് നഗരത്തില്‍ ബോംബാക്രമണം നടത്തുകയായിരുന്നെന്നാണ് ഹമാസ് അറിയിച്ചത്.
ജനുവരി മുതലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈല്‍ ലംഘിച്ചതിന് ശേഷം ഇതാദ്യമായാണ് ഗസയില്‍ നിന്ന് റോക്കറ്റ് ആക്രമണമുണ്ടാവുന്നത്. ചൊവ്വാഴ്ച ഇസ്രഈല്‍ വ്യോമാക്രമണം ആരംഭിച്ച് ഒരു ദിവസത്തിനുശേഷം കരയാക്രമണവും പുനരാരംഭിച്ചിരുന്നു.
യെമനിലെ ഹൂത്തി വിമതരില്‍ നിന്നും ഇസ്രഈലിന് കഴിഞ്ഞ ദിവസം വെടിവെപ്പ് നേരിട്ടിരുന്നു. ഗസയില്‍ ഇസ്രഈല്‍ വീണ്ടും യുദ്ധം ആരംഭിച്ചതിന് മറുപടിയായി ഇസ്രഈലിന് നേരെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതായി ഇറാന്റെ പിന്തുണയുള്ള ഹൂത്തികള്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ശേഷം ഹൂത്തികള്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. എന്നാല്‍ മിസൈല്‍ ഇസ്രഈല്‍ സൈന്യം തടഞ്ഞു.
അതേസമയം ഇന്നലെ (ബുധനാഴ്ച) ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റിന് പുറത്ത് ആയിരക്കണക്കിന് ആളുകള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധിച്ചു.
ഗസയിലെ യുദ്ധത്തെച്ചൊല്ലി ഭിന്നതകള്‍ നില്‍ക്കുന്ന സര്‍ക്കാര്‍ തകര്‍ന്ന് പുതിയ തെരഞ്ഞെടുപ്പ് നടക്കാതിരിക്കാനാണ് നെതന്യാഹു യുദ്ധം പുനരാരംഭിച്ചതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇസ്രഈല്‍ വെടിനിര്‍ത്തലിന് സമ്മതം നല്‍കിയതിനെത്തുടര്‍ന്ന് ഇസ്രഈലി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച തീവ്ര വലതുപക്ഷ മന്ത്രി ഇറ്റമര്‍ ബെന്‍ഗ്വിര്‍ യുദ്ധം പുനരാരംഭിച്ചതിനാല്‍ നെതന്യാഹുവിന്റെ സഖ്യത്തിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചു.
അതേസമയം ചൊവ്വാഴ്ച ഗസയില്‍ നടന്ന വ്യോമാക്രമത്തില്‍ 400ലധികം പേര്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണ്.
Content Highlight: Hamas retaliates against Israeli attack; Rocket attack on Tel Aviv