Entertainment
ആയിരം കണ്ണുമായ് എന്ന പാട്ട് ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കാന്‍ ഒറ്റക്കാരണമേയുള്ളൂ: ജെറി അമല്‍ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 02, 10:25 am
Tuesday, 2nd July 2024, 3:55 pm

മലയാളത്തിലെ മികച്ച സംഗീതസംവിധായകരുടെ പേരില്‍ പലരും വിട്ടുപോകുന്ന ഒരു പേരാണ് ജെറി അമല്‍ദേവ്. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് ജെറി അമല്‍ദേവ് സിനിമാരംഗത്തേക്കെത്തുന്നത്. 44 വര്‍ഷത്തെ കരിയറില്‍ വെറും 25 ചിത്രങ്ങള്‍ക്ക് മാത്രമാണ് ജെറി സംഗീതം നല്‍കിയിട്ടുള്ളത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെയും, അപരാഹ്നത്തിലെയും സംഗീതത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ ജെറി അമല്‍ദേവ് ഇപ്പോള്‍ സിനിമാമേഖലയില്‍ അധികം സജീവമല്ല. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവാണ് ജെറി ഏറ്റവുമൊടുവില്‍ സംഗീതം നല്‍കിയ ചിത്രം.

ഫാസില്‍ സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ പാട്ടുകള്‍ മലയാളികള്‍ മറക്കാനിടയില്ല. ആയിരം കണ്ണുമായ് എന്ന ഗാനത്തെക്കുറിച്ച് സംസാരിക്കുകയാണ് ജെറി അമല്‍ദേവ്. ആ പാട്ട് കാലങ്ങള്‍ക്കിപ്പുറവും ആളുകള്‍ ഓര്‍ത്തിരിക്കാന്‍ കാരണം തന്റെ സംഗീതമല്ല എന്ന് ജെറി പറഞ്ഞു.

ആ ട്യൂണില്‍ ഏത് വരികള്‍ എഴുതിയാലും നന്നാകുമെന്നും എന്നാല്‍ ആളുകള്‍ ഓര്‍ത്തിരിക്കാന്‍ കാരണം ബിച്ചു തിരുമലയുടെ വരികളാണെന്ന് ജെറി അമല്‍ദേവ് കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജെറി അമല്‍ദേവ് ഇക്കാര്യം പറഞ്ഞത്.

‘ആ ട്യൂണില്‍ ഏത് വരി എഴുതിയാലും ആര്‍ക്കും പാടാന്‍ പറ്റും. ആയിരം കണ്ണുമായ് എന്നതിന് പകരം അമ്മായി ചുട്ടപ്പം എന്നെഴുതിയാലും കുഴപ്പമുണ്ടാകില്ല. അങ്ങനെയുള്ള ട്യൂണാണ് അത്. പക്ഷേ ഇത്ര കാലം കഴിഞ്ഞിട്ടും ആളുകള്‍ ആ പാട്ട് ഓര്‍ത്തിരിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ബിച്ചു തിരുമല എഴുതിയ വരികളാണ്. ഹൃദയത്തില്‍ തൊടുന്ന വരികളാണ് ആ പാട്ടില്‍. ഇത്ര കാലം കഴിഞ്ഞിട്ടും അതിന്റെ പുതുമ നഷ്ടപ്പെടാതിരിക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും ബിച്ചുവിനാണ്,’ ജെറി അമല്‍ദേവ് പറഞ്ഞു.

Content Highlight: Jerry Amaldev explains why peoples still remembering Aayiram Kannumay song