വാഷിംഗ്ടണ്‍: ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ഈ വര്‍ഷം അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയില്‍ ആരംഭിച്ച് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനികളില്‍ ഒന്നാക്കി ആമസോണിനെ മാറ്റി, സി.ഇ.ഒ സ്ഥാനത്ത് നിന്ന് ഈ വര്‍ഷം അവസാനത്തോടെ മാറിനില്‍ക്കും എന്നാണ് ജെഫ് ബെസോസ് പറഞ്ഞത്. ആമസോണ്‍ വെബ് സര്‍വ്വീസിന്റെ തലവനായ ആന്‍ഡി ജേസിക്കാണ് സി.ഇ.ഒയുടെ പദവി കൈമാറുക.
ലോകത്തിലെ ഏറ്റവും ധനികനായ ബെസോസ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എക്‌സിക്യൂട്ടീവ് ചെയര്‍ പദവിയിലേക്ക് മാറുമെന്ന് പറഞ്ഞു.
കൊവിഡ് 19 പശ്ചാത്തലത്തില്‍ ആമസോണ്‍ വലിയ ലാഭമാണ് ഉണ്ടാക്കിയത്. കമ്പനിയുടെ ലാഭം 7.2ബില്യണ്‍ ഡോളറായും വരുമാനം 44 ശതമാനമായും ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് ജെഫ് ബെസോസ് സി.ഇ.ഒ സ്ഥാനം ഒഴിയുന്നത്.
” ഞാന്‍ ഇതില്‍ കൂടുതല്‍ ഊര്‍ജസ്വലനായിരുന്നൊരു സമയമില്ല, ഇതിന് വിരമിക്കലുമായി ഒരു ബന്ധവും ഇല്ല” ജെഫ് ബെസോസ് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയും ക്ലൗഡ് കംപ്യൂട്ടിങ്ങ് സേവനദാതാവുമായ അമസോണ്‍ 1994ലാണ് ജെഫ് ബെസോസ് സ്ഥാപിക്കുന്നത്.
1994ഇല്‍ ജെഫ് ബെസോസ് സ്ഥാപിച്ച ആമസോണ്‍.കോം ഒരു ഓണ്‍ലൈന്‍ പുസ്തകശാലയായി ആരംഭിച്ച് വളരെ പെട്ടെന്ന് തന്നെ ഡിവിഡി, സിഡി, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, വീഡിയോ ഗെയിംസ്, തുണിത്തരങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഭക്ഷണവസ്തുക്കള്‍ മുതലായവയുടെയും ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടു. വാഷിംഗ്ടണ്‍ പോസ്റ്റ് ന്യൂസ്‌പേപ്പറിലും ജെഫ് ബെസോസിന് ഓഹരിയുണ്ട്.
ആമസോണിന്റെ അടുത്ത സി.ഇ.ഒ മികച്ച നേതാവായിരിക്കുമെന്ന് ബെസോസ് പറഞ്ഞു. കമ്പനിക്കുള്ളില്‍ വലിയ പേരുള്ള വ്യക്തിയാണ് ആന്‍ഡിയെന്നും അദ്ദേഹം പൂര്‍ണ ആത്മവിശ്വാസത്തിലാണ് സ്ഥാനം ഏറ്റെടുക്കുക എന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു.