ഗുവാഹത്തി: ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ അസമിലെ ഒന്നാം റാങ്കുകാരനും അച്ഛനും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് അസം പൊലീസ്. പ്രവേശന പരീക്ഷയില്‍ പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഇന്ത്യയിലെ പ്രമുഖ എന്‍ജിനീയറിംഗ് കോളെജുകളിലേക്കും ഐ.ഐ.ടികളിലേക്കുമുള്ള പ്രവേശന പരീക്ഷയില്‍ 99.8 ശതമാനം മാര്‍ക്ക് നേടിയാണ് പരീക്ഷാര്‍ത്ഥിയായ നീല്‍ നക്ഷത്രദാസ് ഒന്നാം സ്ഥാനത്തെത്തിയത്.
നീല്‍ നക്ഷത്രദാസ്, അച്ഛന്‍ ഡോ. ജ്യോതിര്‍മയി ദാസ്, പരിശോധനാ കേന്ദ്രത്തിലെ ജീവനക്കാരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രാഞ്ജല്‍കാലിത, ഹിരുലാല്‍ പാതക് എന്നിവരാണ് അറസ്റ്റിലായവര്‍. ഇവരെ വ്യാഴാഴ്ച പ്രാദേശിക കോടതിയില്‍ ഹാജരാക്കും.
പരീക്ഷയില്‍ ഒന്നാമതെത്താന്‍ നിയമപ്രകാരമല്ലാത്ത രീതി ഉപയോഗിച്ചതായി നീല്‍ നക്ഷത്രദാസ് പറയുന്നതായുള്ള വാട്‌സ് ആപ്പ് ചാറ്റും കോള്‍ റെക്കോര്‍ഡും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച മിത്രദേവ് ശര്‍മയെന്നയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
പരീക്ഷയില്‍ പകരക്കാരനെ ഉപയോഗിച്ചാണ് ഒന്നാമതെത്തിയതെന്ന് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് അസാര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മറ്റൊരു ഏജന്‍സിയുടെ സഹായത്തോടെ പകരക്കാരനെ വെച്ചാണ് നീല്‍ പരീക്ഷയെഴുതിയതെന്ന് ഗുവാഹത്തി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
‘ഇന്‍വിജിലേറ്റര്‍മാര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ട്. നീല്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത് പേരും റോള്‍നമ്പറും രേഖപ്പെടുത്താന്‍ മാത്രമാണ്. പരീക്ഷയെഴുതിയത് മറ്റൊരാളാണ്,’ പൊലീസ് പറഞ്ഞു.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാം, അവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഈ സംഭവം ഒരു കേസില്‍ ഒതുങ്ങുന്നതാവില്ല. ചിലപ്പോള്‍ വലിയൊരു അഴിമതി പുറത്തുവരാനിടയുണ്ടെന്നും, എല്ലാ പഴുതുകളും നോക്കി വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
പരീക്ഷാ കേന്ദ്രം സീല്‍ ചെയ്ത് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെയും അസം പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക