national news
ബി.ജെ.പിയുമായുള്ള സഖ്യം പുനഃപരിശോധിക്കണം; നിതീഷ് കുമാറിന് മുന്നില്‍ ആവശ്യവുമായി ജെ.ഡി.യുവിന്റെ ജമ്മു കശ്മീര്‍ യൂണിറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 21, 02:35 pm
Sunday, 21st July 2024, 8:05 pm

ന്യൂദല്‍ഹി: കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരുമായുള്ള സഖ്യം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ജെ.ഡി.യുവിന്റെ ജമ്മു കശ്മീര്‍ യൂണിറ്റ്. വിഷയം ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഇവര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീരിലെ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തങ്ങളെ എത്തിച്ചതെന്ന് ജെ.ഡി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി വിവേക് ബാലി പറഞ്ഞു. കശ്മീരിലെ ഇസ്‌ലാമിക പണ്ഡിതന്മാരെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാന്‍ ജെ.ഡി.യു ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ബി.ജെ.പി ഈ ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാരുമായി നടന്ന സർവകക്ഷി യോ​ഗത്തിൽ ബിഹാറിന് പ്രത്യേക പദവി നൽകാൻ നിതീഷ് കുമാർ ആവശ്യപ്പെട്ടന്നാണ് വിവരം. കോൺ​ഗ്രസ് നേതാവ് ജയറാം രമേശാണ് വിവരം എക്സിൽ പങ്കുവെച്ചത്.

ബിഹാർ, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് യോ​ഗത്തിൽ പ്രത്യേക പദവി ആവശ്യപ്പെട്ടത്. പ്രത്യേക പദവി നൽകില്ലെങ്കിൽ പ്രത്യേക സാമ്പത്തിക പാക്കേജ് നൽകണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം.

Content Highlight: JD(U)’s J-K unit asks Nitish Kumar to reconsider alliance with BJP at Centre