ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് മിര്‍പൂരിലെ ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ നേടിയ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിലും ആ മികച്ച പ്രകടനം ആവര്‍ത്തിക്കുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ രണ്ടാം മത്സരത്തിന് ഗ്രൗണ്ടിലിറങ്ങിയത്. ആദ്യ ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ച് കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയാണ് ഇന്ത്യ ടീമിനെ കളത്തിലിറക്കിയത്.
ആദ്യ ടെസ്റ്റില്‍ ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം ഇന്ത്യ ടീമിലെത്തിച്ചത് പേസര്‍ ജയദേവ് ഉനദ്കട്ടിനെയും.
ടീമിന്റെ ഈ നീക്കത്തിനെതിരെ ആരാധകര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
എന്നാല്‍ ഏറെ നാളുകള്‍ക്ക് ശേഷം ടീമിലെത്തിയ ഉനദ്കട് തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. 16 ഓവര്‍ പന്തെറിഞ്ഞ ഉനദ്കട് രണ്ട് മെയ്ഡനുള്‍പ്പെടെ 50 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് കൂടിയാണിത്.
2010ല്‍ ടെസ്റ്റില്‍ ആദ്യ മത്സരം കളിച്ച ഉനദ്കട് നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് അടുത്ത ടെസ്റ്റ് കളിക്കാനിറങ്ങിയത്.
ഇതോടെ മറ്റാരാലും അത്രപെട്ടെന്നൊന്നും തകര്‍ക്കാന്‍ സാധിക്കാത്ത ഒരു അണ്‍വാണ്ടഡ് റെക്കോഡും സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഉനദ്കട് സ്വന്തമാക്കിയത്.
തുടര്‍ച്ചയായ രണ്ട് ടെസ്റ്റിനിടെ ഏറ്റവുമധികം മത്സരത്തില്‍ നിന്നും പുറത്തിരിക്കേണ്ടി വന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ഉനദ്കട് സ്വന്തമാക്കിയത്.
2010ലെ ആദ്യ ടെസ്റ്റിനും 2022ലെ രണ്ടാം ടെസ്റ്റിനുമിടെ 118 മത്സരങ്ങളിലാണ് ഉനദ്കട്ടിന് പുറത്തിരിക്കേണ്ടി വന്നത്. 87 മത്സരങ്ങള്‍ നഷ്ടപ്പെട്ട ദിനേഷ് കാര്‍ത്തിക്കിന്റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോഡുണ്ടായിരുന്നത്.
അതേസമയം, ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 227 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് കണ്ടെത്താന്‍ സാധിച്ചത്. 157 പന്തില്‍ നിന്നും 84 റണ്‍സ് നേടിയ മോമിനുള്‍ ഹഖാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.
നജ്മുല്‍ ഹുസൈന്‍ ഷാന്റോ (24), മുഷ്ഫിഖര്‍ റഹീം (26), ലിട്ടണ്‍ ദാസ് (25) എന്നിവരാണ് ബംഗ്ലാദേശിന്റെ മറ്റ് സ്‌കോറര്‍മാര്‍.
ഇന്ത്യക്കായി ഉനദ്കട്ടിന് പുറമെ ഉമേഷ് യാദവും ആര്‍. അശ്വിനും നാല് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 19 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍ എന്നിവരാണ് ഇന്ത്യക്കായി ക്രീസില്‍.
Content highlight: Jaydev Unadkat registers an unwanted record after is comeback to Indian team