Advertisement
Entertainment news
ആദ്യ ചിത്രത്തിന് തുടക്കമിട്ട ദിവസം... അശ്വതിയെ കണ്ടുമുട്ടിയ ദിവസം; ഓര്‍മകള്‍ പങ്കുവെച്ച് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 18, 11:17 am
Friday, 18th February 2022, 4:47 pm

പത്മരാജന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ ജയറാം മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

നടിയും പിന്നീട് ജയറാമിന്റെ ജീവിത പങ്കാളിയുമായി മാറിയ പാര്‍വതിയെ താരം കണ്ടുമുട്ടിയതും ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു. ചിത്രത്തില്‍ ജയറാമിന്റെ സഹോദരിയുടെ വേഷത്തിലായിരുന്നു പാര്‍വതി അഭിനയിച്ചത്.

അപരന്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന്റെ വാര്‍ഷിക ദിനത്തിന്റെ ഓര്‍മ പുതുക്കുകയാണ് ഇപ്പോള്‍ നടന്‍ ജയറാം. സിനിമയിറങ്ങിയ 34 വര്‍ഷം തികയുന്ന വേളയിലാണ് ജയറാം തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയും സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരോടുള്ള തന്റെ കടപ്പാട് വ്യക്തമാക്കുകയും ചെയ്യുന്നത്.

1988 ഫെബ്രുവരി 18നായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

”ഫെബ്രവരി 18… ആദ്യ ചിത്രമായ അപരന് തുടക്കമിട്ട ദിവസം… അശ്വതിയെ കണ്ടുമുട്ടിയ ദിവസം… 34 വര്‍ഷം കടന്നുപോകുന്നു… കടപ്പാട് ഒരുപാട് പേരോട്, നിങ്ങളോട്,,,,” ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

ഇപ്പോഴും പല വേദികളിലും സംവിധായകന്‍ പത്മരാജനോടുള്ള തന്റെ കടപ്പാടിനെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും അദ്ദേഹം മരിച്ചതിന് ശേഷവും കുടുംബവുമായി കാത്തുസൂക്ഷിക്കുന്ന ബന്ധത്തെക്കുറിച്ചും ജയറാം വാചാലനാവാറുണ്ട്.


1988 മെയ് 12നായിരുന്നു അപരന്‍ റിലീസ് ചെയ്തത്. ശോഭന, മുകേഷ് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മകള്‍ എന്ന ചിത്രത്തിലാണ് ജയറാം ഇപ്പോള്‍ അഭിനയിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക.


Content Highlight: Jayaram shares memory of first movie