കന്നഡ നടൻ ശിവരാജ് കുമാറുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജയറാം. ശിവരാജ് തന്നോട് കന്നടയിൽ അഭിനയിക്കാൻ പറഞ്ഞിരുന്നെന്നും എന്നാൽ കന്നഡ പടം ചെയ്യുകയാണെങ്കിൽ അദ്ദേത്തിന്റെ കൂടെ ചെയ്യുമെന്ന് പറഞ്ഞിരുന്നെന്നും ജയറാം പറയുന്നു. അങ്ങനെയാണ് ഗോസ്റ്റിലേക്ക് എത്തിയതെന്നും അദ്ദേഹത്തിന്റെ കൂടെ എൻട്രി കിട്ടുക എന്നത് വലിയ ഭാഗ്യമാണെന്നും ജയറാം കൂട്ടിച്ചേർത്തു.ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കല്യാൺ ജ്വല്ലറിയുടെ നവരാത്രി പരിപാടി നടക്കുകയായിരുന്നു. അവിടുത്തെ കല്യാൺ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡർ ശിവ അണ്ണനാണ്. എന്നോട് രണ്ട് പ്രാവശ്യം ചോദിച്ചിട്ടുണ്ട് എപ്പോഴാണ് കന്നഡ പടം ചെയ്യുന്നതെന്ന്. എന്നെങ്കിലും ഒരു കന്നഡ പടം ചെയ്യുകയാണെങ്കിൽ ശിവണ്ണയുടെ കൂടെ ചെയ്യണമെന്നുണ്ട് എന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെയാണ് ഗോസ്റ്റിലേക്ക് വിളിച്ചത്. അത് ഭയങ്കര ഹിറ്റായ സിനിമയാണ്.
അദ്ദേഹത്തിന്റെ കൂടെ ഒരു എൻട്രി കിട്ടുക എന്ന് പറഞ്ഞാൽ വളരെ വലിയ ഭാഗ്യമാണ്. നല്ല മനുഷ്യനാണ്. ഇങ്ങനെ ഒരു ആരാധകരുള്ള ആൾ ഇല്ല എന്നെനിക്ക് തോന്നുന്നു. നമ്മൾ ഇപ്പോൾ ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങിയിട്ട് സാധാരണ ഒരു ടൗണിൽ കൂടെ പോകുമ്പോൾ ഏതൊരു കടയിലും ഒന്നെങ്കിൽ ശിവരാജ് സാറിന്റെ ഫോട്ടോ ഉണ്ടാകും. അല്ലെങ്കിൽ ഒരു കോർണറിൽ അപ്പുവിന്റെ ഫോട്ടോ ഉണ്ടാവും. അല്ലെങ്കിൽ ശിവയുടെ ഫോട്ടോ ഉണ്ടാകും. അവർ അത്രത്തോളം ആരാധിക്കുന്ന ഒരു കുടുംബമാണത്,’ ജയറാം പറയുന്നു.
കന്നഡ ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും ജയറാം അഭിമുഖത്തിൽ പങ്കുവെച്ചു.’ആ ചിത്രത്തിൽ പ്രത്യേകിച്ച് ഞാൻ തന്നെ അത് ഡബ്ബ് ചെയ്തു. വേറെ ആളെ വെച്ച് ചെയ്യുന്നതായിരിക്കും നല്ലത് എന്ന് ഞാൻ അവരോട് തന്നെ പറഞ്ഞു. കുഴപ്പമില്ല നിങ്ങൾ തന്നെ ചെയ്താൽ മതി എന്ന് അവർ.
ഞാൻ സംസാരിച്ചു കഴിഞ്ഞാൽ ഒരു മലയാളി കന്നഡ സംസാരിച്ച പോലെ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. ‘അങ്ങനെ വന്നാലും കുഴപ്പമില്ല, ജയറാം ചെയ്താൽ മതി. ഒരു ഫീൽ കിട്ടണമെങ്കിൽ ജയറാം ചെയ്യണം. വേറൊരാൾ ചെയ്താൽ കിട്ടില്ല’ എന്ന് പറഞ്ഞിട്ടാണ് ചെയ്തത്. അതൊരു 60 ശതമാനം നന്നായി വന്നു എന്നതാണ് ഫീഡ്ബാക്ക് കിട്ടിയത്,’ ജയറാം പറഞ്ഞു.