ന്യൂദല്‍ഹി: പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ജാട്ട് റിസര്‍വേഷന്‍ ബില്‍ ഹരിയാന മന്ത്രിസഭ ഐകകണ്‌ഠേന പാസാക്കി. ജാട്ട് വിഭാഗക്കാരുള്‍പ്പെടെ അഞ്ച് ജാതിവിഭാഗങ്ങളെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ബില്ല് നിര്‍ദ്ദേശിക്കുന്നു. തിങ്കളാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ വിഷയത്തില്‍ തീരുമാനമായത്. ഇതോടെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാട്ട് വിഭാഗക്കാര്‍ക്കും ബില്ലില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കും സംവരണം ലഭിക്കും.
ജാട്ട് വിഭാഗക്കാര്‍ തങ്ങളുടെ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന ഭീഷണി ഉയര്‍ത്തിയതോടെയാണ് സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര തീരുമാനമെടുത്തത്. മാര്‍ച്ച് 31ന് ബഡ്ജറ്റ് സെഷന്‍ അവസാനിക്കുന്നതിന് മുമ്പ് സംവരണ വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്നായിരുന്നു ജാട്ട് സമരക്കാരുടെ ഭീഷണി.
ക്ലാസ് 1, ക്ലാസ് 2 സര്‍ക്കാര്‍ ജോലികളില്‍ നാല് ശതമാനം സംവരണമാണ് ജാട്ട് വിഭാഗത്തിനും മറ്റ് നാല് വിഭാഗങ്ങള്‍ക്കുമായി ബില്ലില്‍ നിര്‍ദ്ദേശിക്കുന്നത്. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസ് 3, ക്ലാസ് 4 സര്‍ക്കാര്‍ ജോലികളിലും 10 ശതമാനം സംവരണം അഞ്ച് വിഭാഗക്കാര്‍ക്ക് നല്‍കാനും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു.
എപ്രില്‍ 3 വരെയാണ് സംവരണ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ജാട്ട് പ്രക്ഷോഭകാരികള്‍ സര്‍ക്കാരിന് സമയം നല്‍കിയിരുന്നത്. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ 13 സംസ്ഥാനങ്ങളിലെ ജാട്ട് വിഭാഗക്കാര്‍ ഏപ്രില്‍ 3ന് ന്യൂദല്‍ഹിയില്‍ യോഗം ചേരാനും തീരുമാനിച്ചിരുന്നു.
ഹരിയാനയില്‍ ദിവസങ്ങളോളം നീണ്ടുനിന്ന ജാട്ട് പ്രക്ഷോഭത്തില്‍ 30 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 320 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടത് വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടവും സംഭവിച്ചു. സംവരണ വിഷയത്തില്‍ തീരുമാനം ഉണ്ടാക്കാമെന്ന ഉറപ്പിന്‍മേലാണ് പ്രക്ഷോഭം നിര്‍ത്തിവെക്കപ്പെട്ടത്.