Cricket
വാംഖഡെയുടെ മണ്ണിൽ ബുംറയുടെ സംഹാരതാണ്ഡവം; കൊൽക്കത്തയെ എറിഞ്ഞുവീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 04, 05:57 am
Saturday, 4th May 2024, 11:27 am

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24 റണ്‍സിനാണ് മുംബൈയെ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 18.5 ഓവറില്‍ 145 റണ്‍സിന് പുറത്താവുകയായിരുന്നു.

മുംബൈ ബൗളിങ്ങില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രീത് ബുംറ മികച്ച പ്രകടനമാണ് നടത്തിയത്. 3.5 ഓവറില്‍ 18 മാത്രം വിട്ട് നല്‍കിയാണ് ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. വെങ്കിടേഷ് അയ്യര്‍, രമന്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെയാണ് ബുംറ പുറത്താക്കിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് മുംബൈ താരം സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ 50 വിക്കറ്റുകള്‍ എന്ന ചരിത്ര നേട്ടത്തിലേക്കാണ് നടന്നു കയറിയത്. ഒരു സ്റ്റേഡിയത്തില്‍ 50 വിക്കറ്റുകള്‍ നേടുന്ന അഞ്ചാമത്തെ താരമായി മാറാനും ബുംറക്ക് സാധിച്ചു.

ഐ.പി.എല്ലില്‍ ഒരു സ്റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരം, വിക്കറ്റുകളുടെ എണ്ണം, സ്റ്റേഡിയം എന്നീ ക്രമത്തില്‍

സുനില്‍ നരെയ്ന്‍-69- കൊല്‍ക്കത്ത

ലസിത് മലിംഗ-68- മുംബൈ

അമിത് മിശ്ര-58-ദല്‍ഹി

യുസ്വേന്ദ്ര ചഹല്‍-52- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ജസ്പ്രീത് ബുംറ-51-മുംബൈ

ബുംറക്ക് പുറമെ നുവാന്‍ തുഷാര മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മുംബൈ ബാറ്റിങ്ങില്‍ 36 പന്തില്‍ 56 റണ്‍സ് നേടി സൂര്യകുമാര്‍ യാദവും 20 പന്തില്‍ 24 റണ്‍സ് നേടി ടിം ഡേവിഡും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീം പരാജയപ്പെടുകയായിരുന്നു. മറ്റുള്ള താരങ്ങള്‍ക്കൊന്നും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.

Content Highlight: Jasprith Bumrah create a new record in IPL