'അന്നൊന്നും പിന്തുണയ്ക്കാന്‍ ഒരുത്തനുമുണ്ടായില്ല'; ഐ.സി.സി ടെസ്റ്റ് റാങ്കില്‍ ഒന്നാമതെത്തിയതിന് പിന്നാലെ ഞെട്ടിച്ച് ബുംറ
Sports News
'അന്നൊന്നും പിന്തുണയ്ക്കാന്‍ ഒരുത്തനുമുണ്ടായില്ല'; ഐ.സി.സി ടെസ്റ്റ് റാങ്കില്‍ ഒന്നാമതെത്തിയതിന് പിന്നാലെ ഞെട്ടിച്ച് ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th February 2024, 10:49 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

881 എന്ന കരിയര്‍ ബെസ്റ്റ് റേറ്റിങ്ങുമായാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. വിശാഖപട്ടണം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നേടിയിരുന്നു. ഇതിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി മാച്ചായും തെരഞ്ഞെടുക്കപ്പെട്ടത് ബുംറയായിരുന്നു.

ഈ പ്രകടനത്തിന് പിന്നാലെയാണ് ബുംറയെ ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തേടിയെത്തിയത്. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ബൗളര്‍ എന്ന നേട്ടവും ഇന്ത്യന്‍ ബൗളിങ് നിരയുടെ കുന്തമുനയെ തേടിയെത്തിയിരുന്നു.

ബുംറയുടെ ഈ നേട്ടം ആരാധകര്‍ ആഘോഷമാക്കുന്നതിനിടെയാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ചര്‍ച്ചയാവുകയാണ്.

രണ്ട് സ്‌റ്റേഡിയങ്ങളുടെ ചിത്രമാണ് ബുംറ പങ്കുവെച്ചത്. കാലിയായ സ്റ്റേഡിയത്തില്‍ ഒരാള്‍ ഇരിക്കുന്നതും നിറഞ്ഞു കവിഞ്ഞതുമായ മറ്റൊരു സ്റ്റേഡിയത്തിന്റെയും ചിത്രമാണ് ഇതിലുണ്ടായിരുന്നത്. ഇതില്‍ കാലിയായ സ്റ്റേഡിയത്തിന് നേരെ ‘പിന്തുണ’ എന്നും നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിന് നേരെ ‘അഭിനന്ദനങ്ങള്‍’ എന്നുമാണ് എഴുതിയിരുന്നത്.

11 മാസം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നതിന് പിന്നാലെയാണ് താരം പിച്ചിലേക്ക് തിരിച്ചെത്തിയത്. 2022 ടി-20 ലോകകപ്പില്‍ പരിക്ക് കാരണം കളിക്കാന്‍ സാധിക്കാതെ പോയ ബുംറക്ക് 2022 ഏഷ്യാ കപ്പും 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും കളിക്കാന്‍ സാധിച്ചിരുന്നില്ല.

മെഗാ ഇവന്റുകളില്‍ കളിക്കാന്‍ സാധിക്കാതെ വന്നതോടെ ബുംറക്കെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോള്‍ മാത്രമാണ് ബുംറക്ക് പരിക്ക് പറ്റുന്നതെന്നും താരത്തെ ഇനി ടീമില്‍ ഉള്‍പ്പെടുത്തരുതെന്നുമെല്ലാം ആരാധകര്‍ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ കൂടിയാണ് ബുംറയുടെ പോസ്റ്റ് കൂടുതല്‍ ചര്‍ച്ചയാകുന്നത്.

അതേസമയം, ബുംറയുടെ ബൗളിങ് മികവില്‍ ഇന്ത്യ രണ്ടാം ടെസ്റ്റ് വിജയിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് സമനിലയിലെത്താനും ഇന്ത്യക്കായി.

ഫെബ്രുവരി 15നാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

 

Content Highlight: Jasprit Bumrah’s Instagram story after topping the ICC rankings goes viral