Entertainment news
അല്‍ഫോണ്‍സ് പുത്രനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്, പ്രേമം ഇഷ്ട ചിത്രം; ജാന്‍വി കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 19, 03:57 am
Tuesday, 19th July 2022, 9:27 am

ജാന്‍വി കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗുഡ്ലക്ക് ജെറി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നെല്‍സണ്‍ ദിലീപിന്റെ സംവിധാനത്തില്‍ പുറത്തുവന്ന നയന്‍താര ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ്ലക്ക് ജെറി.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള തെന്നിത്യന്‍ സംവിധായകരെ പറ്റി പറയുകയാണ് ജാന്‍വി കപൂര്‍.

അല്‍ഫോണ്‍സ് പുത്രനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രേമം ഇഷ്ട ചിത്രമാണെന്നുമാണ് ജാന്‍വി പറയുന്നുണ്ട്.

ജയകുമാരി-ജെറി എന്നാണ് ഗുഡ് ലക്ക് ജെറിയില്‍ ജാന്‍വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമ്മയുടെ ചികിത്സയ്ക്കായി പണം ആവശ്യമായി വരുമ്പോള്‍ ജെറിയും കുടുംബവും ചേര്‍ന്ന് മയക്കുമരുന്ന് കടത്തുവാന്‍ തുടങ്ങുന്നതും പിന്നീടുള്ള രസകരമായ സംഭവവികസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ബ്ലാക്ക് ഹ്യൂമര്‍ വിഭാഗത്തിലുള്ള ചിത്രമാണ് ഗുഡ് ലക്ക് ജെറി. ഈ മാസം 29നാണ് ചിത്രം റിലീസ് ചെയ്യുക.

അഗ്നിപത്, ഓയ് ലക്കി ലക്കി ഓയ് തുടങ്ങിയ സിനിമകളുടെ സഹസംവിധായകന്‍ ആയിരുന്ന സിദ്ധാര്‍ഥ് സെന്‍ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് എല്‍. റായ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പങ്കജ് മേത്തയുടേതാണ് തിരക്കഥ. ദീപക് ഡോബിയാല്‍, നീരജ് സൂദ്, മിത വസിഷ്ത് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇതിനൊപ്പം ദേശിയ പുരസ്‌ക്കാരം ലഭിച്ച മാത്തുക്കുട്ടി സേവ്യര്‍ ചിത്രം ഹെലന്റെ റീമേക്ക് ആയ മിലിയും ജാന്‍വിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ്. മാത്തുക്കുട്ടി തന്നെയാണ് മിലിയും സംവിധാനം ചെയ്യുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight : Janvi Kapoor says she wish to work with alphonse puthran and premem is her favorite movie