Kerala News
പി.സി. ജോര്‍ജിന്റെ നാവില്‍ നിന്ന് എന്നെക്കുറിച്ച് നല്ലതൊന്നും വരല്ലേയെന്നാണ് പ്രാര്‍ഥന: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 29, 09:26 am
Sunday, 29th May 2022, 2:56 pm

കൊച്ചി: ജനപക്ഷം നേതാവ് പി.സി. ജോര്‍ജിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പി.സി.ജോര്‍ജിന്റെ നാവില്‍ നിന്ന് എന്നെ കുറിച്ച് നല്ലതൊന്നും വരല്ലേയെന്നാണ് പ്രാര്‍ഥനയെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞത് തനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.ഡി. സതീശന്‍ മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നുവെന്നും കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് അദ്ദേഹമെന്നും പി.സി. ജോര്‍ജ് ആരോപിച്ചിരുന്നു.

‘ബി.ജെ.പി-സി.പി.ഐ.എം പി.സി. ജോര്‍ജ് അച്ചുതണ്ട് തിരഞ്ഞെടുപ്പിലുണ്ട്. പി.സി.ജോര്‍ജിന്റെ മകനും ഒരു പ്രമുഖ സി.പി.ഐ.എം നേതാവിന്റെ മകനും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ വക്കീല്‍ ഓഫീസിലാണ് ഗൂഡാലോചന നടത്തുന്നത്,’ വി.ഡി. സതീശന്‍ പറഞ്ഞു.

സി.പി.ഐ.എമ്മാണ് വ്യാജ വീഡിയോയും വ്യാജ നിര്‍മിതികളും ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.ഐ.എം സ്ഥാനര്‍ഥിയുടെ വ്യാജ വീഡിയോ ഉണ്ടാക്കിയതില്‍ യഥാര്‍ത്ഥ പ്രതികളെ പിടിച്ചാല്‍ സി.പി.ഐ.എം നേതാക്കള്‍ അതിന്റെ പിന്നിലുണ്ടാകും.

വികസനം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ് വന്നവര്‍ അവര്‍ ഉണ്ടാക്കിയ വ്യാജ വീഡിയോയ്ക്ക് ചുറ്റും കറങ്ങുകണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി.പി.ഐ.എം ശ്രമമെന്നതെന്നും ഭരണ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ചെറുക്കുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചോര്‍ത്തു.

Content Highlights: Janapaksha leader P.C. Opposition leader V.D. Satheesan