ഇത്തവണയും നിരാശ; കോച്ചിനെ പുറത്താക്കി ഐ.എസ്.എൽ സൂപ്പർ ടീം
Football
ഇത്തവണയും നിരാശ; കോച്ചിനെ പുറത്താക്കി ഐ.എസ്.എൽ സൂപ്പർ ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th December 2023, 9:16 am

ജംഷഡ്പൂര്‍ എഫ്.സി പരിശീലകന്‍ സ്‌കോട്ട് കൂപ്പര്‍ പുറത്തേക്ക്. പരസ്പര കരാറിലൂടെയാണ് ക്ലബ്ബും പരിശീലകനും വേര്‍പിരിഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഒഡീഷക്കെതിരെ 4-1ന് ജംഷഡ്പൂര്‍ പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൂപ്പര്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നും പുറത്തായത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തുടക്കത്തിലാണ് ജംഷഡ്പൂര്‍ കൂപ്പറെ പരിശീലകനായി നിയമിക്കുന്നത് എന്നാല്‍ പ്രതീക്ഷിക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ പോയതാണ് കൂപ്പറിന് തിരിച്ചടിയായത്.

ഈ സീസണില്‍ 12 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അതില്‍ രണ്ട് തവണ മാത്രമാണ് കൂപ്പറുടെ നേതൃത്വത്തില്‍ ജംഷഡ്പൂരിന് വിജയിക്കാന്‍ സാധിച്ചത്. അതേസമയം മൂന്നു മത്സരങ്ങള്‍ സമനിലയില്‍ ആവുകയും ഏഴു മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു കൊണ്ട് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ജംഷഡ്പൂര്‍.

കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ 20 മത്സരങ്ങളില്‍ നിന്നും വെറും 19 പോയിന്റുമായി പത്താം സ്ഥാനത്തായിരുന്നു ജംഷഡ്പൂര്‍ ഫിനിഷ് ചെയ്തിരുന്നത്. ഇതിനു പിന്നാലെ എയ്ഡി ബൂത്രോയിഡക്ക് പകരക്കാരനായാണ് കൂപ്പര്‍ ജംഷഡ്പൂരിന്റെ പരിശീലകസ്ഥാനത്ത് എത്തുന്നത്.

എന്നാല്‍ ഈ സീസണിലും ടീം നിരാശാജനകമായ പ്രകടനങ്ങള്‍ ആവര്‍ത്തിച്ചതിനു പിന്നാലെയാണ് കൂപ്പര്‍ സീസണിന്റെ പകുതിയില്‍ ടീമില്‍ നിന്നും പുറത്താവുന്നത്.

2024 ജനുവരിയില്‍ നടക്കുന്ന സൂപ്പര്‍ കപ്പും ജംഷഡ്പൂരിന്റെ മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണ്. ഗ്രൂപ്പ് ബിയില്‍ കേരള ബ്ലാസ്റ്റേഴ്സ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, ഷില്ലോംങ് ലജോങ് എന്നിവരാണ് ജംഷഡ്പൂരിന്റെ എതിരാളികള്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണില്‍ ജംഡ്പൂരിന് ഇനി പത്ത് മത്സരങ്ങളാണ് ബാക്കിയുള്ളത്. പുതിയ പരിശീലകന്റെ കീഴില്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ജംഷഡ്പൂര്‍ അത്ഭുതങ്ങള്‍ കാണിക്കുമോ എന്നത് കണ്ടു തന്നെ അറിയണം.

ജനുവരി പത്തിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെരെയാണ് ജംഷഡ്പൂരിന്റെ അടുത്ത മത്സരം.

Content Highlight: Jamshedpur Fc sacked coach.