Cricket
ഇന്ത്യൻ താരങ്ങൾ ഇന്ത്യയിൽ കളിച്ചതിനേക്കാൾ കൂടുതൽ ഇവൻ ഇന്ത്യയിൽ കളിച്ചിട്ടുണ്ട്; ഇതിഹാസത്തിന്റെ വീരഗാഥ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 03, 04:16 am
Saturday, 3rd February 2024, 9:46 am

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം വിശാഖപട്ടണത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 336-6 എന്ന നിലയിലാണ്.

ഇന്ത്യക്കായി യശസ്വി ജെയ്‌സ്വാള്‍ 257 പന്തില്‍ പുറത്താവാതെ 179 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 17 ഫോറുകളും അഞ്ച് സിക്‌സറുകളുമാണ് ജെയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ഷോയിബ് ബഷീര്‍, രെഹാന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജെയിംസ് ആന്‍ഡേഴ്‌സണ്‍, ടോം ഹാര്‍ട്ട്‌ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മത്സരത്തില്‍ ഒരുപിടി തകര്‍പ്പന്‍ റെക്കോഡ് നേട്ടങ്ങളാണ് ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്. 2003ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ആന്‍ഡേഴ്സണ്‍ തന്റെ 184ാം ടെസ്റ്റ് മത്സരത്തിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിയത്.

ഇന്ത്യയില്‍ ടെസ്റ്റ് മത്സരം കളിക്കുന്ന ഏറ്റവും പ്രായമേറിയ പേസര്‍, ടെസ്റ്റ് ക്രിക്കറ്റില്‍ കളി തുടങ്ങിയത് മുതല്‍ എല്ലാ കലണ്ടര്‍ വര്‍ഷത്തിലും ഒരു വിക്കറ്റെങ്കിലും നേടിയ താരം എന്ന നേട്ടവും ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇംഗ്ലീഷ് പേസര്‍ വീഴ്ത്തിയത്. 28.5 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 89ല്‍ നില്‍ക്കേയായിരുന്നു ജെയിംസ് ഗില്ലിനെ പുറത്താക്കിയത്. 46 പന്തില്‍ 34 റണ്‍സ് നേടിയ ഗില്‍ ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്.

മറ്റൊരു രസകരമായ കണക്കുകളാണ് ശ്രദ്ധേയമാവുന്നത്. ഇന്ത്യന്‍ മണ്ണില്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചുകൊണ്ടിരിക്കുന്ന ചില താരങ്ങളെക്കാള്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളാണ് ആന്‍ഡേഴ്‌സണ്‍ കളിച്ചിട്ടുള്ളത്. ഇന്ത്യയില്‍ 13 ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ കളിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുള്ള മറ്റു താരങ്ങള്‍ ഒന്നും ജെയിംസ് അന്‍ഡേഴ്‌സന്റെ അത്ര ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയില്‍ കളിച്ചിട്ടില്ല എന്നുള്ളത് ഏറെ ശ്രേദ്ധേയമായി.

ജെയിംസ് ആന്‍ഡേഴ്‌സനേക്കാള്‍ കുറവ് ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യയില്‍ കളിച്ച താരങ്ങള്‍, മത്സരങ്ങള്‍ എന്നീ ക്രമത്തിൽ

ശുഭ്മന്‍ ഗില്‍-9

ശ്രേയസ് അയ്യര്‍-8

മുഹമ്മദ് സിറാജ്-7

ജസ്പ്രീത് ബുംറ-5

നിലവില്‍ ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 336 റണ്‍സിന് ആറ് വിക്കറ്റുകള്‍ എന്ന നിലയിലാണ്. 257 പന്തില്‍ 179 റണ്‍സുമായി ജെയ്‌സ്വാളും പത്ത് പന്തില്‍ അഞ്ച് റണ്‍സുമായി ആര്‍.അശ്വിനുമാണ് ക്രീസില്‍.

Content Highlight: James Anderson great performance in test cricket.